kudivellam
കുടിവെള്ളം കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ 27 ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത

കൊല്ലം: ശക്തികുളങ്ങര കപ്പിത്താൻ ജംഗ്ഷൻ മുതൽ കലുങ്ക് മുക്ക് വരെ, മൂന്നുമാസത്തോളം നീണ്ടുനിന്ന രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. ഇരുവശത്തും പൂർണമായി പൈപ്പ് സ്ഥാപിച്ച് കണക്ഷൻ കൊടുത്തതോടെയാണ് വിതരണം പുന:രാരംഭിച്ചത്. കുടിവെള്ളക്ഷാമം സംബന്ധിച്ച് കഴിഞ്ഞ 27ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നാണ് നടപടി.

ദേശീയപാത നിർമ്മാണ കരാർ കമ്പനികളിലൊന്നായ വിശ്വസമുദ്ര‌യും വാട്ടർ അതോറിട്ടിയും ചേർന്ന് 30ന് ജോലികൾ പൂർത്തിയാക്കി കുടിവെള്ളം വിതരണം ആരംഭിച്ചു. ദേശീയപാത വി​കസനവുമായി​ ബന്ധപ്പെട്ട് ദേശീയപാത അതോറി​ട്ടി​ നടത്തിയ ഓട നി​ർമ്മാണത്തോടെയാണ് കുടി​വെള്ളം കി​ട്ടാക്കനി​യായത്. പൈപ്പ് വെള്ളം കിട്ടാതായതോടെ കൗൺസിലറുടെ നേതൃത്വത്തിൽ കോർപ്പറേഷനിൽ നിന്ന് ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ടാങ്കറിൽ വെള്ളമെത്തിച്ചിരുന്നു. എന്നാൽ സർവ്വീസ് റോഡുകളുടെ പണി തുടങ്ങിയതോടെ ടാങ്കറിൽ വെള്ളം എത്തിക്കുന്നത് ബുദ്ധിമുട്ടായി. ഇതോടെ നൂറോളം കുടുംബങ്ങൾ കുടിനീരില്ലാതെ ദുരിതത്തിലായി. പ്രദേശവാസികളിൽ കുറച്ചുപേർ പ്രശ്നം രൂക്ഷമായതോടെ ബന്ധുവീടുകളിലേക്ക് താമസം മാറി. കളക്ടർ എൻ.ദേവിദാസിന്റെ അദ്ധ്യക്ഷതയിൽ ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എയും ദേശീയപാതയുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്ന വിശ്വസമുദ്ര, ശിവാലയ കമ്പനികളുടെ പ്രതിനിധികളും പ്രദേശത്തെ കൗൺസിലറും രണ്ടുതവണ യോഗം ചേർന്നിരുന്നു. തുടർന്ന് കപ്പിത്താൻ ജംഗ്ഷൻ മുതൽ കലുങ്ക് മുക്ക് വരെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ തുടങ്ങിയെങ്കിലും റോഡിന്റെ ഒരുവശത്ത് മാത്രമാണ് പൈപ്പിട്ടത്. ഇത് പ്രശ്നത്തിന് പരിഹാരമായില്ല. കേരളകൗമുദി വാർത്തയെത്തുടർന്നാണ് ഇരു വശത്തും പൈപ്പിടാൻ തീരുമാനമായത്.

വാട്ടർ അതോറിട്ടിയുടെ പൈപ്പ്‌ വഴിയുള്ള ജലവിതരണം ആരംഭിച്ചിട്ടുണ്ട്. മാസങ്ങളോളം നീണ്ടുനിന്ന കുടിവെള്ള പ്രശ്നത്തിനാണ് പരിഹാരമായത്

എം.പുഷ്പാംഗദൻ , കൗൺസിലർ, ശക്തികുളങ്ങര ഡിവിഷൻ