കൊല്ലം: വിദ്യാഭ്യാസ മേഖലയിൽ തെലങ്കാന സർക്കാരിനു ശ്രീനാരായണ ഗുരുദേവ ദർശനമാണ് വഴികാട്ടുന്നതെന്ന് തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക പറഞ്ഞു. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല അന്താരാഷ്ട്ര സാഹിത്യ സാംസ്‌കാരികോത്സവത്തിൽ 'ശ്രീനാരായണ ഗുരു; ദർശനം, സാഹിത്യം' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെലങ്കാനയിൽ യംഗ് ഇന്ത്യ ഇന്റഗ്രേറ്റഡ് സ്‌കൂൾ എന്ന ബൃഹദ് പദ്ധതി നടപ്പാക്കുന്നതു തന്നെ വിദ്യ കൊണ്ട് പ്രബുദ്ധരാവുക എന്ന ഗുരുദർശനം ഉൾക്കൊണ്ടാണ്. വിദ്യാഭ്യാസമെന്നത് പുരോഗതിയിലേക്കുള്ള ആദ്യ ചുവടു വയ്പാണെന്ന ഗുരുചിന്ത ഞങ്ങൾ ഏറ്റെടുക്കുകയാണ്. കേരളീയസമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെയും ജാതീയമായ വേർതിരിവുകൾക്കെതിരെയും ശബ്ദമുയർത്തി മനുഷ്യകുലത്തിന്റെ നന്മയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിയാണ് ശ്രീനാരായണ ഗുരു. നിശബ്ദരായി, പാർശ്വവത്കരിക്കപ്പെട്ടിരുന്ന ഒരു ജനതയെ ശബ്ദിക്കാനും അന്തസോടെ ജീവിക്കാനും ഗുരു മാർഗനിർദ്ദേശം നൽകി. സാമൂഹികപുരോഗതിക്കാവശ്യം വിദ്യാലയങ്ങളാണെന്ന് ഉദ്ബോധിപ്പിച്ച ഗുരു വിദ്യാലയങ്ങൾ സ്ഥാപിക്കാൻ മുൻകൈയെടുത്തു. സാമൂഹികമായ അസമത്വങ്ങൾ ഇല്ലാതാക്കാൻ മഹത്തായ ഗുരുബോധനങ്ങൾക്ക് കഴിയുമെന്നും ലോക മാനവികതയ്ക്കു കേരളം സംഭാവന നൽകിയ പ്രകാശഗോപുരമാണ് ശ്രീനാരായണ ഗുരുവെന്നും ഗുരുവിന്റെ തത്വചിന്തകൾ കേരളം മുതൽ കാശ്മീർ വരെ എത്തിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
അരുവിപ്പുറം ക്ഷേത്രത്തിന്റെയും മഠത്തിന്റെയും സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷനായി. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എക്കണോമിക്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് ചെയർമാൻ ഡോ.കെ.എസ്. ഛലം, ഹൈദരാബാദിലെ ജയ് ഭാരത് പ്രസ്ഥാനത്തിന്റെ നായകനും എഴുത്തുകാരനുമായ രമണമൂർത്തി, എഴുത്തുകാരൻ എം.കെ. ഹരികുമാർ, ശ്രീനാരായണഗുരു അന്തർദേശീയ പഠനതീർത്ഥാടനകേന്ദ്രം ഡയറക്ടർ പ്രൊഫ.എസ്. ശിശുപാലൻ, ഫിനാൻസ് ഓഫീസർ എം.എസ്. ശരണ്യ എന്നിവർ സംസാരിച്ചു. വൈസ് ചാൻസിലർ പ്രൊഫ. ഡോ.വി.പി. ജഗതിരാജ് പങ്കെടുത്തു.
ആശംസ അറിയിച്ച് സ്വാമി സച്ചിദാനന്ദ
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല അന്താരാഷ്ട്ര സാഹിത്യ സാംസ്‌കാരികോത്സവത്തിനുള്ള ആശംസ സന്ദേശമായി അറിയിച്ച് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. വത്തിക്കാൻ ലോക മത പാർലമെന്റിൽ പങ്കെടുക്കുന്നതിനാലാണ് സാംസ്‌കാരികോത്സവത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്നും സർവകലാശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യ സാംസ്‌കാരികോത്സവം ഏറെ പ്രാധാന്യം അർഹിക്കുന്നുവെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. ശ്രീനാരായണഗുരുദേവൻ ആലുവ അദ്വൈതാശ്രമത്തിൽ നൂറുവർഷം മുമ്പ് സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിമഠത്തിന്റെ നേതൃത്വത്തിൽ ആഗോള ക്രൈസ്തവ സഭയുടെ ആസ്ഥാനമായ വത്തിക്കാനിൽ നടത്തുന്ന ലോകമത പാർലമെന്റ് ആഗോള ശ്രദ്ധനേടിക്കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.