 
കൊട്ടിയം: എസ്.എസ് സമിതിയിലെ അന്തേവാസി കപിൽദേവിനെ (25) കൂട്ടിക്കൊണ്ടുപോകാനായി സഹോദരൻ സുശാന്ത് ഷെട്ടി ബന്ധുവായ സുരേന്ദ്ര ഷെട്ടിയോടൊപ്പം അഭയകേന്ദ്രത്തിലെത്തി.
കൊട്ടിയം മയ്യനാട് റോഡിൽ കണ്ടച്ചിറ മുക്കിന് സമീപം വൃത്തിഹീനമായ നിലയിൽ അലഞ്ഞ് തിരിഞ്ഞ് നടന്നിരുന്ന കപിൽദേവിനെ എസ്.എസ് സമിതി അഭയകേന്ദ്രം ജീവനക്കാരനായ രതീഷാണ് കഴിഞ്ഞ ഒക്ടോബർ 10ന് കൂട്ടിക്കൊണ്ടുവന്നത്. മാനസിക നിലയിൽ വ്യതിചലനം ഉണ്ടാായിരുന്നതിനാൽ കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മാനസിക ആരോഗ്യ കേന്ദ്രത്തിലും ചികിത്സ നൽകി. തുടർന്ന് രോഗാവസ്ഥയിൽ കുറവുണ്ടാവുകയും സ്വന്തം നാടിനെ കുറിച്ചും വീട്ടുകാരെ കുറിച്ചുമുള്ള വിവരങ്ങൾ കൈമാറുകയും ചെയ്തു. ഒഡീഷയിലെ ബദ്രക് എന്ന ഗ്രാമത്തിലെ ബഗ്രിദ് ഷെട്ടിയുടെയും കനക ലതയുടെയും മൂന്നു ആൺമക്കളിൽ മൂത്തയാളാണ് കപിൽദേവ്. ഹൈദരാബാദിൽ പെയിന്റിംഗ് ജോലി ചെയ്യുന്നതിനിടെ, പെട്ടെന്നുണ്ടായ മാനസിക വിഭ്രാന്തിമൂലം കേരളത്തിലെത്തുകയായിരുന്നു. പ്രോജക്ട് കോ ഓർഡിനേറ്റർ ക്രിസ്റ്റഫർ ജി.ഫെർണാണ്ടസിന്റെയും മറ്റ് ജീവനക്കാരുടെയും സാന്നിദ്ധ്യത്തിൽ കപിൽദേവിനെ സുശാന്ത് ഷെട്ടിക്ക് കൈമാറി.