കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കോഫീസിന്റെ പിരിധിയിൽ പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങൾ തകൃതി. നടപടിയെടുക്കേണ്ടവർ തന്നെ ചട്ടവിരുദ്ധ പ്രവർത്തനങ്ങൾക്ക് കുടപിടിക്കുകയാണെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. അനധികൃത പാറ ഖനനം, മണ്ണ് കടത്തൽ, നിലം നികത്തൽ പോലുള്ള കാര്യങ്ങൾക്ക് യാതൊരുവിധ തടസങ്ങളുമില്ലാതെ നടന്നുവരുന്നു, താലൂക്ക് ഓഫീസിലെ ഒരു പറ്റം ഉദ്യോഗസ്ഥർ പാറ, മണ്ണ്, റിയൽ എസ്റ്റേറ്റ് മാഫിയയിൽ നിന്ന് മാസപ്പടിയും മറ്റാനുകൂല്യങ്ങളും പറ്റുന്നവരാണെന്നും ആരോപണമുണ്ട്.
കുറ്റക്കാർക്കെതിരെ നടപടിയില്ല
താലൂക്കിൽ വ്യാപകമായി കുന്നുകൾ ഇടിച്ചു നിരത്തുകയും കരിങ്കൽ ഖനനം നടത്തുകയും ചെയ്യുന്നു. ഇതിനെതിരെ പലകോണിൽ നിന്നും വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. പരാതികളിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തിയിട്ടും കുറ്റക്കാർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ ഉണ്ടായിട്ടില്ല. കുറ്റക്കാരെന്ന് വിജിലൻസ് കണ്ടെത്തിയവരെ തൊട്ടടുത്ത താലൂക്കിലേക്ക് സ്ഥലം മാറ്റി രക്ഷിക്കാനാണ് ബന്ധപ്പെട്ടവർ ശ്രമിച്ചതെന്ന് ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി ഭാരവാഹികൾ പറയുന്നു.
അഴിമതിയും കൃത്യവിലോപവും നടത്തിയവരെ ജില്ലയ്ക്ക് പുറത്തേക്കു മാറ്റണം. സംശുദ്ധമായ ഔദ്യോഗിക ജീവിതം നയിക്കുന്നവരെ തൽ സ്ഥാലത്ത് നിയമിക്കണം.
ടി.കെ.വിനോദൻ (ഏകോപന സമിതി ചെയർമാൻ )
അഡ്വ.വി.കെ.സന്തോഷ് കുമാർ (ജനറൽ കൺവീനർ)