nadakam
റവന്യു ജി​ല്ല കലോത്സവത്തി​ൽ യു.പി​, എച്ച്.എസ്, എച്ച്.എസ്.എസ് നാടക മത്സരങ്ങളി​ൽ ഒന്നാം സ്ഥാനം നേടി​യ നീരാവിൽ എസ്.എൻ.ഡി.പി.വൈ.എച്ച്.എസ്.എസ് ടീം

കൊല്ലം: റവന്യു ജി​ല്ല കലോത്സവത്തി​ലെ യു.പി​, എച്ച്.എസ്,എച്ച്.എസ്.എസ് വി​ഭാഗം നാടക മത്സരങ്ങളി​ൽ നീരാവി​ൽ എസ്.എന്‍.ഡി.പി.വൈ എച്ച്.എസ്.എസി​ന് ഒന്നാം സ്ഥാനം. യു.പി വിഭാഗത്തിൽ ‘ആടുപുലിയാട്ടം’, എച്ച്.എസ് വിഭാഗത്തിൽ ‘ടെന്‍ഡി റാപ്പേഴ്‌സ്’, എച്ച്.എസ്.എസ് വിഭാഗത്തിൽ ‘കക്കൂസ് ' എന്നീ നാടകങ്ങളാണ് അവതരിപ്പിച്ചത്. മൂന്ന് വിഭാഗത്തിലും മികച്ച നടനുള്ള സമ്മാനവും നീരാവിലെ ചുണക്കുട്ടികൾക്ക് സ്വന്തം.

യു.പി വിഭാഗത്തിൽ അനന്തു യു.വിജയ്, എച്ച്.എസ് വിഭാഗത്തിൽ ആൺവേഷത്തിൽ എത്തിയ എസ്. ആയിഷ, എച്ച്.എസ്.എസ് വിഭാഗത്തിൽ വി.വിഷ്ണു എന്നിവരാണ് മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടത്. ജൂലായ് മുതൽ പരിശീലനം ആരംഭിച്ചു.

മൂന്ന് നാടകങ്ങളുടെയും രചനയും സംവിധാനവും നിർവ്വഹിച്ചത് സ്‌കൂൾ ഒഫ് ഡ്രാമയിലെ അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ അമാസ്.എസ്.ശേഖറാണ്. സ്കൂൾ ഒഫ് ഡ്രാമയിലെ തന്നെ വിദ്യാർത്ഥികളായ ഫിദ, അർജുൻ എന്നിവരും സഹായത്തിനുണ്ടായിരുന്നു. അമാസിന്റെ നേതൃത്വത്തിൽ പ്രകാശ് കലാകേന്ദ്രത്തിൽ നടക്കുന്ന നാടക കളരിയിലും കുട്ടികൾ വേഷമിട്ടിട്ടുണ്ട്.