 
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരം ഉഗ്ര വിഷമുള്ള ഇഴജന്തുക്കളുടെ താവളമായി മാറുന്നു. രാപകൽ ഭേദമില്ലാതെ യാത്രക്കാരെ ഭയപ്പെടുത്തിക്കൊണ്ട് ഇഴ ജന്തുക്കൾ റോഡിലൂടെ ഇഴയുന്നത് കാണാം. റെയിൽവേ സ്റ്റേഷൻ പരിസരത്ത് വളർന്ന് നിൽക്കുന്ന പുൽക്കാടുകളാണ് ഇഴജന്തുക്കളുടെ ആവാസ കേന്ദ്രം. ഒരാൾ പൊക്കത്തിലാണ് പുല്ലും മറ്റ് ചെടികളും വളർന്ന് നിൽക്കുന്നത്. ഇത് ചെത്തി മാറ്റാനുള്ള നീക്കങ്ങളൊന്നും റെയിൽവേ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. മാവേലിക്കര ആസ്ഥാനമാക്കിയുള്ള റെയിൽവേയുടെ സിവിൽ വിഭാഗമാണ് പുൽക്കാടുകൾ ചെത്തി മാറ്റി പരിസരം വൃത്തിയാക്കേണ്ടത്. അപ്രോച്ച് റോഡിൽ പുൽക്കാടുകളോട് ചേർന്നാണ് ഓട്ടാറിക്ഷകളും ഇരു ചക്രവാഹനങ്ങളും പാർക്ക് ചെയ്തിരിക്കുനത്. രാവിലെ റോഡരുകിൽ വെച്ചിട്ട് പോകുന്ന വാഹനങ്ങളിൽ പലപ്പോഴും ഇഴജന്തുക്കൾ വാഹനത്തിൽ കയറാറുണ്ട്. വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോഴാണ് ഇവറ്റകൾ വെളിയിലേക്ക് ചാടുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്ക് വഴി തെളിക്കാറുണ്ട്. രാത്രിയിലാണ് യാത്രക്കാർ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്.
പരിസരത്തെങ്ങും വെളിച്ചവുമില്ല
രാത്രിയിൽ റെയിൽവേ സ്റ്റേഷൻ പരിസരം ഇരുട്ടിൽ അമരും. റെയിൽവേ അപ്രോച്ച് റോഡിൽ വെളിച്ചം കുറവാണ്. മിക്ക ലൈറ്റുകളും പ്രകാശിക്കാറില്ല. യാത്രക്കാർ ട്രെയിൻ ഇറങ്ങി മൊബൈൽ വെളിച്ചത്തിന്റെ സഹായത്തോടെയാണ് പ്രധാന റോഡിൽ എത്തുന്നത്. രാത്രിയിൽ ഇഴ ജന്തുക്കൾ ഓഫീലുകളിലും കടന്ന് ചെല്ലാറുണ്ട്. സ്റ്റേഷൻ പരിസരത്തെ പുൽക്കാടുകൾ നീക്കം ചെയ്താൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയും. റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള തെരുവ് ലൈറ്റുകൾ പ്രകാശിപ്പിക്കണം.
തൊടിയൂർ പഞ്ചായത്ത് ഇടപെടണം
തൊടിയൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിലാണ് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ. ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കിയാൽ ഒരു ദിവസം കൊണ്ട് പുൽക്കാടുകൾ പൂർണമായും ചെത്തി നീക്കാൻ കഴിയും. ഗ്രാമപഞ്ചായത്ത് അധികൃതർ ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ ചെലുത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.