പ്രതിസന്ധിയിൽ മോട്ടോർ വാഹന വകുപ്പ്
കൊല്ലം: ഗതാഗത നിയമലംഘനങ്ങൾ വർദ്ധിക്കുമ്പോഴും പരിശോധനയ്ക്കിറങ്ങാൻ വാഹനമില്ലാതെ മോട്ടോർ വാഹനവകുപ്പ്.
മോട്ടോർ വാഹനവകുപ്പിന്റെ വാഹനങ്ങൾ കാലാവധി കഴിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ കണ്ടം ചെയ്തിരുന്നു. ഇതാണ് പ്രതിസന്ധിക്ക് വഴിതെളിച്ചത്.
കൊല്ലം ആർ.ടി.ഒ ഓഫീസിൽ മൂന്ന് എം.വി.ഡിമാരും അഞ്ച് എ.എം.വി.ഐമാരുമാണുള്ളത്. അഞ്ച് വാഹനങ്ങളുടെ ആവശ്യം കൊല്ലം ആർ.ടി.ഒ ഓഫീസിലുണ്ടെങ്കിലും നിലവിലുള്ളത് ആർ.ടി.ഒയുടെ വാഹനം ഉൾപ്പെടെ രണ്ടെണ്ണം മാത്രം. കണ്ടം ചെയ്തവയ്ക്ക് പകരം വാഹനം അനുവദിക്കണമെന്ന് പലതവണ മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയെങ്കിലും യാതൊന്നും ഉണ്ടായില്ല. വാഹനപരിശാധനയ്ക്കു പുറമേ അപകടസ്ഥലങ്ങളിലേക്കും മറ്റും അടിയന്തരസാഹചര്യങ്ങളിൽ പോകാൻ പലപ്പോഴും ആർ.ടി.ഒയുടെ വാഹനം ഉപയോഗിക്കേണ്ട അവസ്ഥയാണ്. മോട്ടോർ വാഹന വകുപ്പ് നിരത്തിൽ ഇല്ലാത്തതിനാൽ നിയമ ലംഘകർ യഥേഷ്ടം വിഹരിക്കുകയാണ്. കണ്ടം ചെയ്ത വാഹനങ്ങൾക്ക് പകരം പുതിയവ ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാവുമെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.
കരുനാഗപ്പള്ളി, പുനലൂർ, പത്തനാപുരം, ചടയമംഗലം, കുന്നത്തൂർ സബ് ആർ.ടി ഓഫീസുകളിൽ ഓരോ വാഹനം മാത്രമാണുള്ളത്. കൊട്ടാരക്കര സബ് ആർ.ടി ഓഫീസിൽ രണ്ട് വാഹനങ്ങളുടെ ആവശ്യമുണ്ടെങ്കിലും ഒന്നുപോലും ഇല്ലാത്ത സ്ഥിതിയാണ്. വാടക വാഹനങ്ങളിൽ നിരത്തുകളിൽ പരിശോധന നടത്തുമ്പോൾ ജനങ്ങൾ സഹകരിക്കാത്ത സ്ഥിതിയുണ്ടെന്നും യഥാർത്ഥ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് തെളിയിക്കേണ്ട അവസ്ഥയാണെന്നും അധികൃതർ പറയുന്നു.
കീശ ചോരുന്നു
പ്രതിസന്ധി കാരണം പലപ്പോഴും ടാക്‌സി ഉൾപ്പെടെയുള്ള വാഹനങ്ങൾ വാടകയ്ക്ക് എടുത്താണ് വാഹനപരിശോധനയ്ക്കും ഡ്രൈവിംഗ് ടെസ്റ്റിനും ഉൾപ്പെടെ ഉദ്യോഗസ്ഥർ പോകുന്നത്. വാഹനങ്ങളുടെ വാടക ഉദ്യോഗസ്ഥരുടെ കൈയിൽ നിന്ന് കൊടുക്കണം. ഇതിന്റെ ബില്ലുൾപ്പെടെ നൽകിയാലും മാസങ്ങൾ വൈകിയാണ് പണം ലഭിക്കുന്നത്. വാടകയ്ക്കും വണ്ടി ലഭിക്കാത്തപ്പോൾ സ്വന്തം വാഹനങ്ങളിലാണ് ഡ്രൈവിംഗ് ടെസ്റ്റിനും മറ്റും ഉദ്യോഗസ്ഥർ എത്തുന്നത്. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ നിരത്തുകളിലേക്ക് പോകാത്ത സമയങ്ങളിൽ ഇവരുടെ ഇലക്ട്രിക്ക് വാഹനങ്ങളാണ് മറ്റുള്ളവർ ഉപയോഗിക്കുന്നത്. എന്നാൽ ഏറെ സമയം ഇലക്ട്രിക് വാഹനങ്ങളിൽ സഞ്ചരിക്കാനാകില്ല. ചാർജ് തീർന്നാൽ ആറ് മുതൽ ഏഴ് മണിക്കൂർ വരെ റീചാർജ്ജ് ചെയ്യണമെന്നതാണ് പ്രതിസന്ധി.