കൊല്ലം :അയൽക്കാരനെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയെ കോടതി വിട്ടയച്ചു. ഉളിയനാട് പൊയ്‌കയിൽ വീട്ടിൽ നിന്ന് കൊട്ടിയം പറക്കുളം വയലിൽ വീട്ടിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്ന കുട്ടൻ എന്ന വിജയകുമാറിനെയാണ് (42) അയൽക്കാരനായ ബിനു കൊല്ലപ്പെട്ട കേസിൽ കൊല്ലം അഡീഷണൽ ജില്ലാ ജഡ്‌ജി എസ്. സുഭാഷ് വിട്ടയച്ചത്.
2018 നവംബർ 20 നായിരുന്നു സംഭവം. കുടുംബസമേതം താമസിക്കുകയായിരുന്ന പ്രതിക്ക് ബിനുവിനെ സംശയമായിരുന്നു. ഭാര്യയും കുട്ടികളും ബിനുവിന്റെ വീട്ടിൽ പോകുന്നത് പ്രതിക്ക് ഇഷ്‌ടമല്ലായിരുന്നു.ഇതിന്റെ പേരിൽ വിജയകുമാറും ബിനുവും തമ്മിൽ പലപ്പോഴും തർക്കവും കയ്യാങ്കളിയും നടന്നു. വൈദ്യുതാഘാതമേൽപ്പിച്ചു കൊലപ്പെടുത്തുമെന്ന് ഈ അവസരങ്ങളിൽ പ്രതി ബിനുവിനെ ഭീഷണിപ്പെടുത്തി. ബിനു സ്ഥിരമായി യാത്ര ചെയ്യുന്ന സ്ഥലത്ത് ചെമ്പ് കമ്പി വലിച്ചു കെട്ടി വൈദ്യുതി പ്രവഹിപ്പിച്ചു. രാത്രി 10 മണിയോടെ ഇത് വഴി നടക്കുകയായിരുന്ന ബിനു അബദ്ധത്തിൽ കമ്പിയിൽ പിടിച്ചതിനെ തുടർന്ന് ഷോക്കേറ്റ് മരിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. എന്നാൽ സാഹചര്യ തെളിവുകൾ പൂർണമായി തെളിയിക്കാൻ പ്രോസിക്യൂഷനായില്ല എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അഭിഭാഷകരായ ജയൻ എസ്. ജില്ലാരിയോസ്, കല്ലുംതാഴം ഉണ്ണിക്കൃഷ്‌ണൻ, സൽരാജ്, കടയ്‌ക്കൽ സെബി എസ്. രാജ് എന്നിവർ പ്രതി ഭാഗത്തിനായി ഹാജരായി.