അഞ്ചൽ: സന്ധ്യയായാൽ അഞ്ചൽ ആർ.ഒ. ജംഗ്ഷൻ ഇരുട്ടിലാകും. വെളിച്ചമില്ലാത്തത് യാത്രക്കാരെ ഭയപ്പാടിലാക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിലധികമായി അഞ്ചൽ ടൗണിന്റെ സ്ഥിതി ഇതാണ്. അഞ്ചൽ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ നിന്ന് കച്ചവടക്കാരെയും മറ്റും ഇറക്കിവിട്ടുകയും കടകൾ പൂട്ടുകയും ചെയ്തതിന് ശേഷമാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടായത്. സന്ധ്യകഴിഞ്ഞാൽ സാമൂഹ്യവിരുദ്ധരും ലഹരികച്ചവടക്കാരുമൊക്കെ ഇവിടെ തമ്പടിക്കുന്നതായും ആക്ഷേപമുണ്ട്. യാത്രക്കാരെ ശല്യപ്പെടുത്തുന്ന പല സംഭവങ്ങളും അടുത്തിടെ ഉണ്ടായിട്ടുണ്ട്. ടൗണിൽ പല സ്ഥലങ്ങളിലും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കതും പ്രവർത്തന രഹിതമാണ്. കുളത്തൂപ്പുഴ ഭാഗത്തേയ്ക്കുള്ള ബസ് സ്റ്റോപ്പിലാകട്ടെ ഹൈമാസ്റ്റ് ലൈറ്റോ സ്ട്രീറ്റ് ലൈറ്റോ ഇല്ലാത്ത സ്ഥിതിയാണ്.

ഒന്നുമാകാതെ ഷോപ്പിംഗ് കോംപ്ലക്സ് നി‌ർമ്മാണം

അഞ്ചൽ പുനലൂർ റോഡിന്റെയും അഞ്ചൽ -കുളത്തൂപ്പുഴ റോഡിന്റെയും വശങ്ങളിലായാണ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിച്ചിരിക്കുന്നത്. ഷോപ്പിംഗ് കോംപ്ലക്സ് പുനർ നിർമ്മിക്കുന്നതിനുവേണ്ടിയാണ് കച്ചടവടക്കാരെയും മറ്റും പുറത്താക്കിയത്. എന്നാൽ നാളിതുവരെ കെട്ടിടം പൊളിക്കുകപോലും ചെയ്തില്ല. കുളത്തൂപ്പുഴ,ചണ്ണപ്പേട്ട്, മണ്ണൂർ, വിളക്കുപറ തുടങ്ങിയ പ്രദേശങ്ങളിലേയ്ക്ക് പോകേണ്ട ആളുകൾ ബസ് കാത്തു നിൽക്കുന്നതും ഈ ഷോപ്പിംഗ് കോംപ്ലക്സിന്റെ തിണ്ണകളിലാണ്.

യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം

ടൗണിൽ വെളിച്ചമില്ലാത്തത് യാത്രക്കാരെയും നാട്ടുകാരെയും ബുദ്ധിമുട്ടിലാക്കുകയാണ്. ഈ കാര്യത്തിൽ പഞ്ചായത്തും മറ്റ് അധികൃതരും നിസംഗത പുലർത്തുന്നു. സാമൂഹ്യവിരുദ്ധരെ ഭയന്നാണ് യാത്രക്കാർ ഇവിടെ നിൽക്കുന്നത്. ആളുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സത്വര നടപടി ഉണ്ടാകണം.

ബി. വേണുഗോപാൽ (സെക്രട്ടറി, കൈരളി പുരുഷസംഘം പനച്ചവിള)