എഴുകോൺ : പവിത്രേശ്വരം കിഴക്കേ മാറനാട് നെടുംപുറം, കാട്ടൂർ റോഡ് നന്നാക്കണമെന്ന ആവശ്യം ശക്തമായി. കുന്നത്തൂർ കൊട്ടാരക്കര നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഗ്രാമീണ റോഡാണിത്. പവിത്രേശ്വരം പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലുള്ളവർ എഴുകോൺ മാർക്കറ്റ്, കൊട്ടാരക്കര താലൂക്ക് ആശുപത്രി എം.സി റോഡ് എന്നിവിടങ്ങളിലേക്ക് എത്താൻ ഈ റോഡാണ് ഉപയോഗിക്കുന്നത്. റോഡ് പുനരുദ്ധാരണത്തിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചതായി എം.എൽ.എ ഓഫീസിൽ നിന്ന് അറിയിച്ചിരുന്നതായാണ് നാട്ടുകാർ പറയുന്നത്. നെടുംപുറത്ത് നിന്ന് ഒരു കിലോമീറ്റർ അപ്പുറത്തുള്ള പെരുമാവിൽ പാലക്കുഴി അംബേദ്കർ ഗ്രാമം റോഡും തകർന്ന് കിടക്കുകയാണ്. മാറനാട് വാർഡിലെ പെരുമാവിൽ, പകുതിപ്പാറ, ചെറുവാളകം, പമ്പ് ഹൗസ്, നെല്ലിയാർ മുകൾ, പനയംകോണം, ഇലഞ്ഞിക്കോട് തുടങ്ങിയ പട്ടികജാതി സങ്കേതങ്ങളിൽ പെട്ടവരുടെ പ്രധാന ഗതാഗതമാർഗ്ഗമാണിത്. മാറനാട് കിഴക്ക്, തെക്ക്, പടിഞ്ഞാറ്, കാരുവേലിൽ, ഇടവട്ടം തുടങ്ങിയ വാർഡ് പ്രദേശങ്ങളിൽ ഉള്ളവർക്കും പ്രയോജനപ്പെടുന്നതാണ് ഈ റോഡ്.
നിവേദനം നൽകി
റോഡുകളുടെ പുനരുദ്ധാരണം ആവശ്യപ്പെട്ട് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ആർ.വിശ്വനാഥന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, കുന്നത്തൂർ എം.എൽ.എ എന്നിവർക്ക് നിവേദനം നൽകി.
പട്ടികജാതിക്കാരും കർഷകരും തൊഴിലാളികളും തിങ്ങി പാർക്കുന്ന പ്രദേശമാണിത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തര നടപടി ഉണ്ടാകണം.
ആർ. വിശ്വനാഥൻ,
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്