ഇന്ന് ലോക ഭിന്നശേഷി ദിനം
കൊല്ലം: ട്രെയിൻ കയറിയിറങ്ങി വലംകൈ നഷ്ടപ്പെട്ടെങ്കിലും ഗോൾ പോസ്റ്റിന് കാവലാളായി ശരത്തുണ്ടെങ്കിൽ എതിർ ടീമിൽ നിരാശ പടരും. കാരണം 'ചിലന്തിക്കൈ' എന്നാണ് ശരത്തിന്റെ ഇടംകൈയുടെ വിളിപ്പേര്. ആ കൈയും ദേഹവും മറികടന്ന് പോസ്റ്റിൽ ബോൾ എത്തിക്കുകയെന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്!
പുനലൂർ ഐക്കരക്കോണം ശ്രീമംഗലത്ത് എസ്.ശരത്ത് (34) ദേശീയതലത്തിൽത്തന്നെ ശ്രദ്ധേയനായ ഭിന്നശേഷി ഫുട്ബോളറാണ്. ഹരിയാനയിൽ നടന്ന നാഷണൽ പാരാ ആമ്പ്യൂട്ടി ഫുട്ബോൾ മത്സരത്തിൽ കേരള ടീം കിരീടം സ്വന്തമാക്കിയപ്പോൾ ബെസ്റ്റ് ഗോൾകീപ്പർ കിരീടം ശരത്തിനാായിരുന്നു. നന്നേ ചെറുപ്പത്തിൽത്തന്നെ കായിക മേഖലയിൽ ശരത്തിന്റെ സാന്നിദ്ധ്യമുണ്ട്. നാട്ടിൻപുറത്തെ കാൽപ്പന്തുകളിക്കാർക്കൊപ്പവും സ്കൂൾ ടീമിലുമടക്കം ഹീറോയായി. പുനലൂർ ശ്രീനാരായണ കോളേജിലെ പഠനകാലത്താണ് സർവകലാശാല തലത്തിൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരമൊരുങ്ങിയത്. കരവാളൂർ എൻ.എ.എസ്.സിയ്ക്കുവേണ്ടി നിരവധി ടൂർണമെന്റുകളിലും പങ്കെടുത്തു. കാൽപ്പന്തുകളിയിൽ ഓൾ റൗണ്ടറായിരുന്നുവെങ്കിലും പതിയെ ഗോൾ കീപ്പറായി. പഠനകാലത്തുതന്നെ ജന്മനാട്ടിൽ ഫ്ളൈയിംഗ് ഫുട്ബോൾ ഐക്കരക്കോണം എന്ന ഫുട്ബോൾ ക്ളബ്ബ് രൂപീകരിച്ചു.
ദുരന്ത ദിനം
കോടതിയിലെ സൂപ്രണ്ട് സത്യബാബുവിന്റെയും പ്ളാനിംഗ് ബോർഡ് ഉദ്യോഗസ്ഥ യമുനയുടെയും മകനായ ശരത്തിന്റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത് 2023 ഫെബ്രുവരി 14നാണ്. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ പ്ളാറ്റ്ഫോം മറികടക്കുന്നതിനിടെ കാൽവഴുതി ശരത് വീണു. വലതുകൈയിൽക്കൂടി ട്രെയിൻ കയറിയിറങ്ങി. ഒന്നര മാസത്തെ ആശുപത്രിവാസം. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടുവെന്ന് കരുതിയിടത്താണ് ഫിനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽപ്പ്. കൈയില്ലെന്ന കാര്യം മറന്നു, പരിശീലനം തുടങ്ങി. വീണ്ടും കളിക്കളത്തിലേക്ക് ഇറങ്ങിയപ്പോൾ മറ്റ് കളിക്കാരെല്ലാം ചേർത്തുപിടിച്ചു. ബാഡ്മിന്റണിലും ഇടംകൈ മികവുകാട്ടി. എൻജിനീയറായ ജേഷ്ഠൻ എസ്.ശ്രീജിത്ത് വലിയ പ്രോത്സാഹനമാണ്.
ഫുട്ബോൾ, ബാഡ്മിന്റൺ കളിക്ക് വലത് കൈയില്ലെന്നത് എനിക്കൊരു ബുദ്ധിമുട്ടായി തോന്നുന്നില്ല. പാരാചാമ്പ്യൻഷിപ്പുകളിൽ കൈയില്ലാത്തവർക്ക് കാല്, കാലില്ലാത്തവർക്ക് കൈ എന്ന മാനദണ്ഡമുള്ളതിനാൽ ഗോൾ കീപ്പറാകാൻ തടസമില്ല. ആരോടും ഏറ്റുമുട്ടാൻ ഞാൻ തയ്യാർ
എസ്.ശരത്