pp
യുവതി തെളിവായി നൽകിയ പീഡനത്തിന്റെ ഫോട്ടോകൾ

കുണ്ടറ: വിവാഹം കഴിഞ്ഞ് ഏഴാംനാൾ, ഭർത്തൃവീട്ടിൽ യുവതിക്ക് സ്ത്രീധനത്തെച്ചൊല്ലി ക്രൂര മർദ്ദനം. നാന്തിരിക്കൽ സ്വദേശിനിയും ബാങ്ക് ഉദ്യോഗസ്ഥയുമായ 29കാരിയാണ് ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരനായ പേരയം സ്വദേശിക്കെതിരെ പൊലീസിൽ പരാതി നൽകിയത്.

10 വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ നവംബർ 25 നായിരുന്നു ഇവരുടെ വിവാഹം. സംഭവത്തെക്കുറിച്ച് യുവതി നൽകിയ പരാതിയിൽ പറയുന്നത്: ഭർത്താവിന്റ വീട്ടുകാർ ആവശ്യപ്പെട്ട പണം, സ്വർണം, പുതിയ വീട് എന്നിവ നൽകാൻ പിതാവ് തയ്യാറായില്ല. തുടർന്ന് വിവാഹത്തിൽ നിന്ന് പിന്തിരിഞ്ഞ യുവാവിന്റെ വീട്ടുകാർ കുറച്ച് നാളുകൾക്ക് ശേഷം തിരികെ വന്ന് ഉള്ളത് കൊടുത്താൽ മതി എന്ന് പറഞ്ഞ് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. വിവാഹനാളിൽ വരന് സമ്മാനമായി 20 പവൻ നൽകി.

വിവാഹ ശേഷം ബാക്കി സ്വർണം എവിടെ എന്ന് തിരക്കിയ ഭർത്താവിനോട് വീട്ടുകാർ പണയം വച്ചിരിക്കുകയാണെന്നു പറഞ്ഞു. ഇതോടെ ശാരീരിക പീഡനം തുടങ്ങി. കിടപ്പുമുറിയുടെ കതക് അടച്ചശേഷം തലയിൽ അടിച്ചെന്നും കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. ശരീരമാസകലമുള്ള ചതഞ്ഞ പാടുകളുടെ ഫോട്ടോയും സ്വർണത്തിന്റെ കാര്യത്തെക്കുറിച്ചുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോയും പൊലീസിന് കൈമാറി. കുണ്ടറ പൊലീസ് കേസെടുത്തു. പത്തനംതിട്ട കൊടുമൺ ബിവറേജസിലെ ജീവനക്കാരനാണ് ഭർത്താവ്.

.