 
കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ മൂർത്തിക്കാവ്- മനക്കരക്കാവ് റോഡിന്റെ തകർച്ചയ്ക്ക് പരിഹാരമില്ല. സ്കൂൾ ബസുകളടക്കം വലിയ വാഹനങ്ങൾക്ക് യാത്രാവിലക്കുണ്ടായിട്ട് നാല്പത് ദിവസം. നാടിന്റെ ബുദ്ധിമുട്ടുകളേറുന്നു. ഒക്ടോബർ 23ന് ഉച്ചയോടെയാണ് റോഡിന്റെ കുറുമ്പാലൂർ പട്ടാഴിവിള ഭാഗത്താണ് ഇരുവശവും ഇടിഞ്ഞുതാണതും ഗതാഗതം നിറുത്തിവയ്ക്കേണ്ട സ്ഥിതിയുണ്ടായതും. സംരക്ഷണ ഭിത്തി ഉൾപ്പെടെ ഒരു ഭാഗം താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ദിവസങ്ങളോളം റോഡ് പൂർണമായും അടച്ചിട്ടു. പിന്നീട് കാറുകളും ഇരുചക്ര വാഹനങ്ങളും ഇതുവഴി പോയിത്തുടങ്ങി. മഴ പെയ്തുതുടങ്ങിയതോടെ താഴത്തെ വീട്ടുകാർക്ക് കൂടുതൽ അശങ്കയുമുണ്ട്. റോഡ് ഇനിയും ഇടിഞ്ഞു തള്ളാൻ സാദ്ധ്യതയുണ്ട്.
അടിയന്തരമായി ഇടപെടണം
ബസുകൾ, സ്കൂൾ വാഹനങ്ങൾ, ലോറികൾ എന്നിവയ്ക്കൊക്കെ കടന്നുപോകാൻ ഇപ്പോൾ അനുവാദമില്ല. വലിയ വാഹനങ്ങൾ കടന്നുപോകുന്നില്ലെങ്കിലും റോഡ് ഇനിയും ഇടിഞ്ഞാൽ അപകടം വലുതാകും. ഗതാഗതം പൂർണമായും നിലയ്ക്കും. വെണ്ടാർ, കോട്ടാത്തല, കുറുമ്പാലൂർ, വല്ലം പ്രദേശത്തുകാർ നെടുവത്തൂരിലേക്കും കൊല്ലം ഭാഗത്തേക്കുമൊക്കെ യാത്ര ചെയ്യുന്ന പ്രധാന പാതയാണ് മൂർത്തിക്കാവ്- മനക്കരക്കാവ് റോഡ്. അടിയന്തരമായി അധികൃതർ ഇടപെട്ട് റോഡിന്റെ അപകടാവസ്ഥ മാറ്റണമെന്നും ഗതാഗതം പുനസ്ഥാപിക്കാൻ വേണ്ടുന്നത് ചെയ്യണമെന്നുമാണ് പ്രദേശത്തുകാരുടെ ആവശ്യം.
ഒരു വലിയ ആംബുലൻസിന് ഇതുവഴി പോകാൻ കഴിയുന്നില്ല. സ്കൂൾ ബസുകൾ പോകുന്നില്ല. ഒരു കല്യാണം ഉണ്ടായാൽ അതിനുവരുന്ന ബസുകൾക്ക് പോകാൻ പറ്റുന്നില്ല. ഇത്രത്തോളം ബുദ്ധിമുട്ട് അനുഭവിക്കുന്നു. പരിഹാരം ഉണ്ടാക്കണം.
ഗ്രാമവാസികൾ