കൊല്ലം: ഉത്തർ പ്രദേശ് ബുലന്ദ്ഷഹർ സ്വദേശിയായ ഷെഹൻഷായെ (സൂര്യ-20) മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഉത്തർ പ്രദേശ് സ്വദേശിയും സുഹൃത്തുമായ വസീമിനെ (ഖലീൽ-31) വെറുതെ വിട്ടു. ഷെഹൻഷായുമൊത്ത് കൊല്ലം ആണ്ടാമുക്കത്ത് വാടക വീട്ടിൽ താമസിച്ച്, കമ്പിളിപ്പുതപ്പ് വില്പന നടത്തുകയായിരുന്ന പ്രതിയുടെ പണം മോഷ്‌ടിച്ചു മദ്യപിച്ചു എന്നും അതു ചോദ്യം ചെയ്തപ്പോൾ ഷെഹൻഷാ അസഭ്യം പറഞ്ഞതിനെത്തുടർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി എന്നുമാണ് കേസ്. സാക്ഷികളിൽ ഉത്തർ പ്രദേശ് സ്വദേശികളായവരെ പരിഭാഷകരെ ഉപയോഗിച്ച് വിസ്‌തരിച്ച് തെളിവെടുത്ത കേസിലാണ് അഡീഷണൽ സെഷൻസ് ജഡ്‌ജി എസ്. സുഭാഷ് പ്രതിയെ വെറുതെ വിട്ടത്. അഭിഭാഷകരായ മംഗലത്ത് കെ.ഹരികുമാർ, കോവളം ബി.സുകേശൻ, ഗംഗാരമണൻ, വിനിത വിൻസെന്റ് എന്നിവർ പ്രതിക്കുവേണ്ടി ഹാജരായി.