temple1

കൊല്ലം: നീണ്ടകര വെളിത്തുരുത്തിൽ കുട്ടിക്കളിയിൽ പിറന്നൊരു അമ്പലമുണ്ട്. പിള്ളാരമ്പലം ശിവശക്തി അർദ്ധനാരീശ്വര ക്ഷേത്രം. ഇവിടെ കുട്ടിക്കളികൾ ഇന്നും ആചാരമാണ്.

ദീപാരാധന കഴിഞ്ഞ് ശ്രീകോവിൽ തുറക്കുമ്പോൾ ചെണ്ടമേളത്തിന് പകരം കുട്ടികളുടെ കന്നാസ് കൊട്ടും പാട്ടകൊട്ടും. മിഠായിക്കവറുകൾ കെട്ടിയ മാല കൊണ്ട് അലങ്കരിച്ച വെള്ളയ്ക്കാ നെടുകുതിരയാണ് കാണിക്ക. 25 വർഷം പഴക്കമുണ്ട് ആചാരത്തി​ന്. പണ്ടൊരു വേനലവധി​ക്കാലത്ത് കുട്ടികളുടെ കളി കാര്യമായതാണ് അമ്പലമായത്.

ഉത്സവത്തിന് ഏഴുനാൾ പറയെടുപ്പി​ന് ജീവതയും പള്ളിവാളും ചിലമ്പും എടുക്കുന്നത് കുട്ടികളാണ്. ഉത്സവ ഘോഷയാത്രയിൽ കുട്ടികളുടെ വെള്ളയ്ക്കാ കുതിരകൾ. നിശ്ചലദൃശ്യങ്ങൾക്കും ആനയ്ക്കും കലാരൂപങ്ങൾക്കും ചെണ്ടമേളത്തിനും ഇടയിൽ കുട്ടികളുടെ കന്നാസ് കൊട്ട് സംഘം. ശിവരാത്രി ദിനത്തിൽ കുട്ടികളെ ക്ഷേത്രനടയിൽ കുളിപ്പിച്ച് ഇലയിട്ട് സദ്യവിളമ്പും.


കളി കാര്യമായപ്പോൾ

1999ൽ സ്‌കൂൾ അടയ്ക്കുന്ന ദിവസമായിരുന്നു നീണ്ടകര മണ്ണാത്തറ ക്ഷേത്രത്തിലെ ഉത്സവം. വെളിത്തുരുത്തിലെ കുട്ടിക്കൂട്ടം ഉത്സവപ്പിറ്റേന്ന് ഒഴിഞ്ഞ പറമ്പിൽ മണ്ണിൽ ശിവലിംഗമുണ്ടാക്കി. തുണി കെട്ടിമറച്ച് ചുറ്റമ്പലമുണ്ടാക്കി. വൈകിട്ട് തകരപ്പാട്ട കൊട്ടിയും പഴയ കൊടിതോരണങ്ങൾ ചാർത്തിയും പൂജയും ഉത്സവാഘോഷവുമായി. താലപ്പൊലി ഘോഷയാത്രയും നടത്തി. അടുത്ത ദിവസവും ഉത്സവം ആവർത്തിച്ചു.

രണ്ട് ദിവസവും ചില അദ്ഭുതങ്ങൾ നടന്നത്രേ. ഇതോടെ നാട്ടുകാർ ദേവപ്രശ്നം നടത്തി​. കുട്ടികൾ ചെയ്യുന്നതെല്ലാം ദൈവഹിതമാണെന്ന് ജ്യോത്സ്യൻ പറഞ്ഞു. മുതി​ർന്നവർ ഏറ്റെടുത്ത് ശ്രീകോവിൽ നിർമ്മിച്ച് അർദ്ധനാരീശ്വര പ്രതിഷ്ഠ നടത്തി. കുട്ടികൾ കളി ആരംഭിച്ച മീനത്തിലെ ആയില്യം മുതൽ പത്ത് ദിവസത്തെ ഉത്സവം. ഉത്സവ ഘോഷയാത്രയുടെ മുന്നിൽ കുട്ടികളുടെ കന്നാസ് കൊട്ടും വെള്ളയ്ക്കാ കുതിരയും.

ക്ഷേത്രത്തിനടുത്ത് ഒരു സന്യാസി ഉപേക്ഷിച്ച കൊടിക്കൂറ ഉയർത്തിയാണ് കുട്ടികൾ കൊടിയേറ്റ് നടത്തിയത്

എ. വിനോദ് (ക്ഷേത്ര പ്രസിഡന്റ്)