 
കൊല്ലം: തിരക്കേറിയ തങ്കശേരി കാവൽ ജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരമായി. ഒരാഴ്ച മുൻപാണ് കാവൽ ജംഗ്ഷനിൽ ഓട നിർമ്മാണം തുടങ്ങിയത്. ജംഗ്ഷനിൽ നിന്ന് റോഡ് മുറിച്ച് ഓട നിർമ്മിച്ച് തീരദേശത്തേക്ക് പോകുന്ന ഓടയോട് ചേർത്ത് വെള്ളം ഒഴുക്കി വിടുന്നതോടെ മഴക്കാലത്തെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരമാകും.
5 ലക്ഷത്തോളം ചെലവിലാണ് ഓട നിർമ്മാണം. ഹാർബർ എൻജിനീയറിംഗ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. കാവൽ ജംഗ്ഷനിലെ വെള്ളക്കെട്ട് സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബർ 6 ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് നടപടികൾ വേഗത്തിലായത്.
പൊട്ടിപ്പൊളിഞ്ഞതിനാൽ വേനൽക്കാലത്ത് പൊടിശല്യവും മഴയത്ത് വെള്ളക്കെട്ടും മൂലം ദുരിതമനുഭവിച്ചിരുന്ന കോത്തലവയൽ ഭാഗം സഞ്ചാരയോഗ്യമായപ്പോൾ കാവൽ ജംഗ്‌ഷനിൽ വെള്ളക്കെട്ട് പതിവായി മാറുകയായിരുന്നു. ഇവിടെ നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. വെള്ളക്കെട്ട് മൂലം കാവൽ ജംഗ്‌ഷനിൽ നിന്ന് കോത്തലവയൽ ഭാഗത്തേക്കും അഞ്ചുകല്ലുംമൂട്ടിലേക്കുമുള്ള യാത്ര ദുഷ്‌കരമാവുകയും രണ്ട് പ്രമുഖ സ്‌കൂളുകൾ പ്രവർത്തിക്കുന്ന തങ്കശേരിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്തു. ഓട നിർമ്മാണം പൂർത്തിയാകുന്നതോടെ ഇതിനെല്ലാം പരിഹാരമാകും.
ഓടയുടെ നിർമ്മാണ ജോലികൾ പുരോഗമിക്കുകയാണ്. ഗതാഗത തടസം ഉണ്ടാക്കാതെയാണ് പണി നടക്കുന്നത്. ഡിസംബർ അവസാനത്തോടെ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഇതോടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും
ഹാർബർ എൻജിനീയറിംഗ് വിഭാഗം അധികൃതർ