കൊല്ലം: കൊല്ലം ബീച്ചിൽ കെട്ടിയിരുന്ന താത്കാലിക കടകൾ പൊളിച്ചു നീക്കി. ഇന്നലെ രാവിലെയാണ് കോർപ്പറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ ക്ലീൻ സിറ്റി മാനേജർ അടക്കമുള്ള സംഘമെത്തി​ കടകൾ പൊളിച്ചു നീക്കിയത്. മുൻപ് പലതവണ അറിയിപ്പ് നൽകിയിരുന്നെന്നും എടുത്തുമാറ്റാൻ കഴിയുന്നവ കൊണ്ടുപോകാൻ ഉടമസ്ഥർക്ക് അനുമതി നൽകിയിരുന്നെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബീച്ചിൽ എത്തുന്നവർക്ക് ഇരിക്കാൻ ആവശ്യമായ സ്ഥലം പോലും നഷ്ടപ്പെടുത്തുന്ന രീതിയിൽ അനുമതിയില്ലാതെ കടകൾ പെരുകിയെന്നും ഇതിനാലാണ് പൊളിച്ചു മാറ്റിയതെന്നും കോർപ്പറേഷൻ അധികൃതർ പറഞ്ഞു. അനധികൃതമായി നിർമ്മിച്ച കടകളിൽ നിന്ന് വലിയ അളവിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ബീച്ചിലും പരിസരത്തും വ്യാപകമായി തള്ളിയിരുന്നതായും മാലിന്യം അലക്ഷ്യമായി കത്തിക്കുന്നുവെന്നും ആക്ഷേപമുണ്ട്. വരും ദിവസങ്ങളിലും പരിശോധന നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ തങ്ങളുടെ ഉപജീവനമാർഗം ഇല്ലാതാക്കുന്ന സമീപനം കോർപ്പറേഷൻ ഉപേക്ഷിക്കണമെന്നാണ് കടയുടമകളുടെ ആവശ്യം. കടകൾ പൊളിച്ചു നീക്കിയതോടെ കടയുടമകളും ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കമുണ്ടായി. പൊലീസ് എത്തി പ്രശ്നം പരിഹരിച്ചു.