 
കരുനാഗപ്പള്ളി: സമഗ്ര ശിക്ഷാ കേരളം ബി.ആർ.സി കരുനാഗപ്പള്ളിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. ' അതീതം-2024 ' എന്ന പേരിൽ നടത്തിയ ദിനാചരണത്തിന്റെ സന്ദേശ റാലിയുടെ ഫ്ലാഗ് ഒഫ് കരുനാഗപ്പള്ളി സബ് ഇൻസ്പെക്ടർ കണ്ണൻ നിർവഹിച്ചു. പ്രിയം മ്യൂസിക് അക്കാഡമിയുടെ ഗാനമേള ,ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളിയുടെ സിനിമാറ്റിക് ഡാൻസ്, വഞ്ചിപ്പാട്ട്, ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തകൻ അബ്ബാ മോഹൻ പ്രതിബന്ധങ്ങളെ അതിജീവിച്ച് മുന്നേറാം എന്ന വിഷയവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായി സംവദിച്ചു. വൈകിട്ട് 3ന് നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.അനിൽ എസ് കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു. നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.പി.മീന അദ്ധ്യക്ഷയായി. ചടങ്ങിന് ബി.ആർ.സി ട്രെയിനേഴ്സ് ,സി.ആർ.സി.സിമാർ ,സ്പെഷ്യൽ എഡ്യുക്കേറ്റർമാർ ,സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു. സ്കൂൾതലത്തിൽ നടത്തിയ വിവിധ രചന മത്സരങ്ങളുടെ വിജയികൾക്കും സംസ്ഥാന ഇൻക്ലൂസീവ് കായികോത്സവ വിജയികൾക്കും പങ്കാളികൾക്കും ഭിന്നശേഷി ദിന പരിപാടിയിൽ പങ്കെടുത്തവർക്കും ആദരവ് നൽകി. ബി.പി.സി.എസ് ശ്രീകുമാർ സ്വാഗതം പറഞ്ഞു.