തൊടിയൂർ : വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നിന്ന് ഹരിത കർമ്മ സേന സമാഹരിച്ച് സൂക്ഷിച്ച പ്ലാസ്റ്റിക് വസ്തുക്കൾക്ക് സാമൂഹ്യ വിരുദ്ധർ തീയിട്ടു. മാളിയേക്കൽ മേൽപാലത്തിന്റെ പരിസരങ്ങളിൽ നിന്ന് രണ്ടു ദിവസങ്ങളിലായി സംഭരിച്ച 500 കിലോഗ്രാം വരുന്ന പ്ലാസ്റ്റിക് സാധനങ്ങൾ ചാക്കുകളിലാക്കി മേൽപ്പാലത്തിനടിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരു ദിവസം കൂടി പ്ലാസ്റ്റിക് സമാഹരിച്ച ശേഷം ഒരുമിച്ച് പഞ്ചായത്തിന്റെ പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിലേയ്ക്ക്
കൊണ്ടു പോകുന്നതിന് വേണ്ടിയായിരുന്നു മേൽപ്പാലത്തിനടിയിൽ സൂക്ഷിച്ചത്.
ഇതിനാണ് തിങ്കളാഴ്ച രാത്രി പത്തോടെ തീയിട്ടത്. കരുനാഗപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. സംഭവം സംബന്ധിച്ച് കരുനാഗപ്പള്ളി പൊലീസിന് പരാതി നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുവിജയകുമാർ പറഞ്ഞു.