photo
തകർന്ന റോഡിൽ നാട്ടുകാർ വാഴ നട്ട് പ്രതിഷേധിക്കുന്നു.

കരുനാഗപ്പള്ളി: റോഡുകൾ തകർന്ന് ഗതാഗതയോഗ്യമല്ലാതായിട്ട് വർഷങ്ഹളായി . അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. പന്മന പുതുശ്ശേരിക്കോട്ട ജുമാ മസ്ജിദിലേക്കുള്ള 4 റോഡുകൾ അധികൃതരുടെ അനാസ്ഥ കാരണം സഞ്ചാര യോഗ്യമല്ല. 2500 ലേറെ കുടുംബങ്ങൾ സഞ്ചാരത്തിനായി ആശ്രയിക്കുന്ന റോഡുകളാണിത്. ചവറ, ​ ശാസ്താം കോട്ട സംസ്ഥാന പാത ,ഇടപ്പള്ളികൊട്ട, ​ വലിയത്ത് മുക്ക് റോഡ്​ എന്നീ പ്രധാന റോഡുകളിൽ നിന്ന് ജുമാ മസ്ജിദിലേക്കും വിദ്യാർത്ഥികൾ പഠിക്കുന്ന ഇർഷാദുൽ ഇസ്ലാം മദ്രസയിലേക്കും എത്തുന്ന റോഡുകളാണ് കുണ്ടും കുഴിയുമായി കാൽനട യാത്ര പോലും ദുസഹമായ നിലയിലായത്.

വെള്ളക്കെട്ടും ദുരിതവും

ചവറ, ​ ശാസ്താംകോട്ട റോഡിൽ നിന്ന് ഇവിടേക്ക് എത്താനുള്ള കൊല്ലശേരിമുക്ക് ​ പള്ളി റോഡ്​ കഴിഞ്ഞ നാലു വർഷത്തിലേറെയായി തകർന്ന് സഞ്ചാരയോഗ്യമല്ലാത്ത നിലയിലാണ്. ഇടപ്പള്ളികോട്ട ​ വലിയത്തുമുക്ക് റോഡിൽ നിന്നും പള്ളിയിലേക്കുള്ള റോഡിന്റെ സ്ഥിതിയും ഇതിൽ നിന്നും വിഭിന്നമല്ല. പന്മന പോസ്റ്റ്​ ഓഫീസ് ജംഗ്ഷൻ ​ പള്ളി റോഡ് മഴക്കാലമായാൽ വെള്ളക്കെട്ടായി മാറും. ഇവിടെയുള്ളവർ അത്യാഹിതങ്ങളിൽ പെടുമ്പോൾ അടിയന്തരമായി ആശുപത്രിയിൽ എത്തിക്കാൻ തന്നെ ബുദ്ധിമുട്ടേണ്ടി വരുന്നു. ഇവിടേക്ക് ഓട്ടോറിക്ഷകൾ പോലും വന്നിട്ട് നാളുകളേറെയായി.

പള്ളിയിലേക്ക് ആംബുലൻസിൽ

റോഡിന്റെ ദുസ്ഥിതി കാരണം പള്ളിയിൽ അടക്കം ചെയ്യാനുള്ള മൃതശരീരങ്ങൾ ആംബുലൻസിലാണ്‌കൊണ്ടുവരുന്നത്. നിർദ്ധനരായ ആളുകളുടെ മൃതശരീരങ്ങൾ പോലും വലിയ തുക മുടക്കി ആംബുലൻസിൽ കൊണ്ട് വരേണ്ടി വരുന്നു. ഇടപ്പള്ളികോട്ട ​ വലിയത്തുമുക്ക് റോഡിൽ നിന്നും ചവറ ശാസ്താംകോട്ട റോഡിൽ നിന്നും പള്ളിയിലേക്ക് ഇരു ചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ അപകടത്തിൽപ്പെടുന്നതും പതിവ് കാഴ്ചയാണ്.

നവീകരണ നടപടികളില്ല

പന്മന ,പുത്തൻചന്ത, ​ പന്മന മനയിൽ, ഹൈസ്‌കൂൾ റോഡിൽ നിന്ന് പള്ളിയിലേക്ക് എത്താനുള്ള റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നിലച്ചമട്ടാണ്.റോഡുകളുടെ പുനരുദ്ധാരണം അടിയന്തരമായി നടത്തണമെന്ന് ആവശ്യപ്പെട്ട് ത്രിതല പഞ്ചായത്ത്​ പ്രധിനിധികൾ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും കാര്യമായ നടപടികൾ ഒന്നും ഉണ്ടായില്ല. വർക്കുകൾ ടെണ്ടർ ചെയ്യാൻ കാലതാമസം നേരിടുന്നതെന്ന് ഇപ്പോഴത്തെ ദുരിതത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ജനകീയ സമിതിക്ക് രൂപം നൽകി ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികൾ