 
കൊട്ടാരക്കര: കച്ചേരിമുക്കിൽ റവന്യൂവകുപ്പിന്റെ ഭൂമി കാടുമൂടുന്നു. കൊല്ലം- തിരുമംഗലം ദേശീയപാതയോരത്ത് മിനി സിവിൽ സ്റ്റേഷന് നേരെ എതിർവശം ഗണപതി ക്ഷേത്രക്കുളത്തിന് മുന്നിലായിട്ടാണ് വേണ്ടുവോളം ഭൂമി ഉപയോഗമില്ലാതെ കാടുമൂടുന്നത്. ഇവിടം മിനി സിവിൽ സ്റ്റേഷനിലെത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാൻ തുറന്നുകൊടുത്തിരുന്നു. എന്നാൽ ഇവിടേക്ക് കടക്കുന്ന ഭാഗത്ത് നാലോ, അഞ്ചോ വാഹനങ്ങൾ മാത്രമാണ് പാർക്ക് ചെയ്യാറുള്ളത്. ബാക്കി ഭാഗം കുറ്റിക്കാടുകൾ വളർന്നതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും പറ്റില്ല. ഞായറാഴ്ച ദിവസങ്ങളിൽ കച്ചേരിമുക്കിൽ വാഹനത്തിരക്ക് കൂടുതലാണ്. പ്രസിദ്ധമായ ഗണപതി ക്ഷേത്രത്തിൽ ദൂരനാടുകളിൽ നിന്നുവരെ ആളുകളെത്തുന്നുണ്ട്. ഇവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ അവധി ദിനമായിട്ടും റവന്യൂ വക ഭൂമി വിട്ടുകൊടുക്കുകയുമില്ല.
എക്സൈസ് ഓഫീസ് പ്രവർത്തിച്ച സ്ഥലം
പതിറ്റാണ്ടുകൾക്ക് മുമ്പ് എക്സൈസ് റേഞ്ച് ഓഫീസ് പ്രവർത്തിച്ചിരുന്ന ഭൂമിയാണിവിടം. 2009-10 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഇവിടെ എക്സൈസ് കോംപ്ളക്സ് നിർമ്മിക്കാൻ 2.09 കോടി രൂപ അനുവദിക്കുകയും ഇതിനായി പഴയ കെട്ടിടം പൊളിച്ച് നീക്കുകയും ചെയ്തിരുന്നു. തുടർന്ന് വിവാദങ്ങൾ ഉടലെടുത്തു. കോടതി ഇടപെടലുമുണ്ടായി. ഭൂമി റവന്യൂവകുപ്പിനുതന്നെ തീർപ്പുകല്പിച്ചു ലഭിച്ചു.
പൊതു ഇടമാക്കി മാറ്റണം
പട്ടണത്തിന്റെ ഭാഗമാണ് കച്ചേരിമുക്ക്. പൊതുപരിപാടികൾ നടത്താൻ നിലവിൽ സ്ഥലപരിമിതിയുണ്ട്. ചന്തമുക്കിലെ പാർക്കിംഗ് ഗ്രൗണ്ടിലാണ് ഇപ്പോൾ പൊതുപരിപാടികൾ നടത്തുന്നത്. രണ്ട് കോടി രൂപ ചെലവിൽ ഇവിടെ സാംസ്കാരിക സമുച്ചയം ഉടൻ നിർമ്മിക്കും. നിർമ്മാണ ജോലികൾ തുടങ്ങിയാൽ പൊതു ഇടം ഇല്ലാതെയാകും. കച്ചേരിമുക്കിലെ റവന്യൂ ഭൂമി പൊതുപരിപാടികൾ നടത്തുന്നതിനുകൂടി അനുവദിച്ചാൽ ഗുണകരമാകും. മറ്റ് സമയങ്ങളിൽ വാഹന പാർക്കിംഗിനും വിട്ടുകൊടുക്കണം.
കാട് നീക്കം ചെയ്യണം
പട്ടണ നടുവിലെ കുറ്റിക്കാട് നീക്കം ചെയ്യാൻ അടിയന്തര സംവിധാനമുണ്ടാകണമെന്നാണ് പൊതു ആവശ്യം. തൊഴിലുറപ്പ് തൊഴിലാളികളെയും ഇതിനായി ഉപയോഗിക്കാം. നഗരസഭയും റവന്യൂവകുപ്പും കൈകോർത്താൽ ഇവിടം വൃത്തിയാക്കി, സുന്ദരമാക്കാം. പൊതു പരിപാടികൾക്കൂം മറ്റും ഉപയോഗിക്കുകയും ചെയ്യാം.