കൊല്ലം: പരവൂർ നഗരസഭ പ്രദേശത്തെ പൊഴിക്കര ക്ഷേത്രം- ചീപ്പ് പാലം തീരദേശ റോഡ് ഗതാഗതയോഗ്യമാക്കാൻ 50 ലക്ഷത്തി​ന്റെ ഭരണാനുമതി ലഭിച്ചതായി ജി.എസ്.ജയലാൽ എം.എൽ.എ അറിയിച്ചു. മത്സ്യബന്ധന- ഹാർബർ എൻജിയറിംഗ് വകുപ്പാണ് ഭരണാനുമതി നൽകിയത്. റോഡ് തകർന്നത് ചൂണ്ടിക്കാട്ടി ഫിഷറീസ് വകുപ്പ് മന്ത്രിക്ക് എം.എൽ.എ നൽകിയ നിവേദനം പരിഗണിച്ചാണ് തുക അനുവദിച്ചത്.
പൊഴിക്കര തീരദേശ റോഡിന്റെ ചാത്തന്നൂർ മണ്ഡലത്തിലുൾപ്പെട്ട കടലോരത്തുള്ള ഭാഗം മുഴുവനും നേരത്തെ എം.എൽ എ ഫണ്ടിൽ നിന്ന് 57 ലക്ഷം രൂപ വിനിയോഗിച്ച് ഇന്റർലോക്ക് പാകി ഗതാഗതയോഗ്യമാക്കിയിരുന്നു. പൊഴിക്കര ക്ഷേത്രം- ചീപ്പ് പാലം റോഡിന്റെ പുനരുദ്ധാരണ ചുമതല ഹാർബർ എൻജിനിയറിംഗ് വകുപ്പിനാണ്. സാങ്കേതികാനുമതി നേടി ടെൻഡർ നടപടികൾ പൂർത്തിയാക്കി റോഡ് ഉടൻ ഗതാഗത യോഗ്യമാക്കുമെന്ന് എം.എൽ.എ അറിയിച്ചു.