കൊല്ലം: എം.സി റോഡിൽ ചടയമംഗലത്ത് കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികയായ വീട്ടമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകന് പരിക്കേറ്റു. നിലമേൽ വെള്ളാംപാറ ദീപുഭവനിൽ ശ്യാമളകുമാരി അമ്മയാണ് മരിച്ചത്. കാർ ഓടിച്ച മകൻ ദീപുവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചടയമംഗലം ഇളവക്കോട് ഭാഗത്ത് രാവിലെ പത്തരയോടെയാണ് സംഭവം. ശ്യാമളകുമാരിയുടെ ഭർത്താവ് വിരമിച്ച സൈനികൻ ഗോപാലകൃഷ്ണപിള്ള പത്ത് വർഷം മുൻപ് മരണമടഞ്ഞിരുന്നു. മകൾ ദിവ്യയ്ക്കൊപ്പം വാളകത്തെ കുടുംബവീട്ടിലായിരുന്നു താമസം. രാവിലെ ദീപു വാളകത്തെത്തി അമ്മയെയും കൂട്ടി നിലമേലിലേക്ക് പോകുമ്പോഴാായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടന്ന കാർ എതിർദിശയിൽ നിന്നു വന്ന ഇരുചക്ര വാഹത്തിൽ തട്ടിയശേഷം നിയന്ത്രണംവിട്ട് കെ.എസ്.ആർ.ടി.സി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് ശ്യാമളകുമാരിയെയും ദീപുവിനെയും പുറത്തെടുത്തത്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ശ്യാമളകുമാരി മരിച്ചു. അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ ഭാഗത്ത് തെറ്റില്ലെന്ന് പൊലീസ് അറിയിച്ചു. ചടയമംഗലം പൊലീസ് കേസെടുത്തു.