ഓയൂർ : വെളിനല്ലൂർ പഞ്ചായത്തിലെ കരിങ്ങന്നൂർ വാർഡിൽ കാട്ടുപന്നിക്കൂട്ടത്തിന്റെ ശല്ല്യം കൊണ്ട് ജീവിതം വഴിമുട്ടി പ്രദേശവാസികൾ. വാർഡിൽ ഏകദേശം 20 കുടുംബങ്ങൾക്കാണ് പന്നിക്കൂട്ടത്തിന്റെ ശല്ല്യം കൊണ്ട് കൃഷി കണ്ണീരിലാകുന്നത്. മങ്കാട്, ഏഴാംകുറ്റി,പെരുപുറം പ്രദേശങ്ങളിൽ വാഴ, ചേമ്പ്, ചേന,മരച്ചീനി തുടങ്ങിയ വിളകളും തൈതെങ്ങുകളുമാണ് നശിപ്പിക്കപ്പെട്ടത്. പകൽ മുഴുവൻ കാടുപിടിച്ചു കിടക്കുന്ന ആൾ പാർപ്പില്ലാത്ത പുരയിടങ്ങളിൽ ഒളിക്കുന്ന പന്നിക്കൂട്ടം രാത്രി 7 മുതൽ അർദ്ധ രാത്രിയോളം കൃഷി നശിപ്പിക്കുന്ന പരാക്രമം തുടരുന്നു. നെൽക്കൃഷി നഷ്‌ടമായതിനാൽ ഏലാകളിൽ നിന്ന് അകന്നു വീട്ടുപുരയിടങ്ങളിൽ കൃഷി ഇറക്കിയവരാണ് ഇപ്പോൾ കൃഷി ഉപേക്ഷിക്കുന്നത്. ചുറ്റുമതിലുള്ള പുരയിടക്കാർ മാത്രമാണ് സുരക്ഷിതർ. വല കൊണ്ട് വേലി ഉണ്ടാക്കിയെങ്കിലും പന്നിക്കൂട്ടം ഇടമുണ്ടാക്കി നുഴഞ്ഞു കയറുന്നു.ഏഴോളം പന്നികളാണ് സ്ഥിരമായി കൂട്ടത്തിലുണ്ടാകുന്നത്.
കർഷകരിൽ നിന്ന് പരാതികൾ ലഭിച്ചു. വേട്ടക്കാരൻ എത്തുമ്പോൾ പന്നികളെ കിട്ടാറില്ല. തോക്ക് ലൈസൻസുള്ള തദ്ദേശീയരായ ചിലരും മുന്നോട്ട് വന്നു. എങ്കിലും പന്നിക്കൂട്ടത്തെ കണ്ടെത്താനായില്ല.
കെ. ലിജി
12 ാം വാർഡ് അംഗം
പാതി വിളവെത്തിയ ഏകദേശം 200 മൂട് മരച്ചീനി നശിച്ചു. ഒരു കൃഷിയും ചെയ്യാനാകാത്ത സാഹചര്യമാണ്.
ജി. ജഗജീവ്
എസ്.എൻ.ഡി.പി യോഗം കരിങ്ങന്നൂർ 596 ാം നമ്പർ ശാഖ സെക്രട്ടറി.