 
കൊല്ലം :കേന്ദ്ര സിലബസ് പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകളുടെ നാലാമത് സംസ്ഥാന കായികമേള, സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജനുവരി ആദ്യവാരം എറണാകുളത്ത് നടക്കും. സംസ്ഥാനത്തെ അംഗീകൃത സി.ബി.എസ്.ഇ സ്കൂളുകളുടെ സംഘടനയായ കൗൺസിൽ സി.ബി.എസ്.ഇ സ്കൂൾ കേരളയുടെ സഹകരണത്തോടെയാണ് മീറ്റ് സംഘടിപ്പിക്കുന്നത്.
ആറ്റിങ്ങൽ ശ്രീപാദ സ്റ്റേഡിയത്തിൽ 11ന് നടക്കുന്ന ജില്ലാതല സെൻട്രൽ സ്കൂൾസ് സ്പോർട്സ് മീറ്റിന്റെ ലോഗോ മുഖ്യ രക്ഷാധികാരിയായ കളക്ടർ എൻ. ദേവീദാസ് പ്രകാശനം ചെയ്തു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയം, നവോദയ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ജില്ലാതല മത്സരങ്ങൾ 21നകം പൂർത്തിയാക്കണം. വിജയികൾക്ക് ജില്ല സ്പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റുകൾ നൽകും. ഏകീകൃത രീതിയിലായിരിക്കും മത്സരങ്ങൾ. കേന്ദ്രീകൃത പോർട്ടൽ വഴിയാണ് രജിസ്ട്രേഷൻ. 9ന് മുൻപായി ജില്ലാതല രജിസ്ട്രേഷൻ പൂർത്തിയാക്കണം. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ചെയർമാനായ ഓർഗനൈസിംഗ് കമ്മിറ്റിയുടെ രക്ഷാധികാരി പ്രൊഫ. ശശികുമാർ (സെക്രട്ടറി, ശ്രീനാരായണ എജുക്കേഷൻ സൊസൈറ്റി), കൺവീനർ, ഫാ. എബ്രഹാം തലോത്തിൽ (മാനേജർ, ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ), കോ കൺവീനർമാരായ ഫാ. സിലവി ആന്റണി, എം.എസ്. സുഭാഷ് (പ്രിൻസിപ്പൽ, ശ്രീനാരായണ പബ്ലിക് സ്കൂൾ), ഫാ. സാമുവൽ പഴവൂർ പടിക്കൽ (ഡയറക്ടർ, വിമല സെൻട്രൽ സ്കൂൾ) എന്നിവർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.