കൊല്ലം: തമിഴ്‌നാട്ടി​ലെ ഫിൻജാൽ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും മൂലം പച്ചക്കറി വരവ് കുറഞ്ഞതി​നാൽ ജി​ല്ലയിൽ വില കുതിക്കുന്നു. ശബരിമല സീസൺ സമയത്ത് പച്ചക്കറിയുടെ ആവശ്യക്കാർ കൂടി. കി​ലോയ്ക്ക് 10 മുതൽ 20 രൂപ വരെയാണ് വർദ്ധന.

ക്വാളി​റ്റി​ കൂടി​യ വെളുത്തുള്ളി ഡബിൾ സെഞ്ച്വറിയും കടന്ന് 400ന് മുകളിലാണ് ഹോൾസെയിൽ വില. 420നടുത്താണ് ചില്ലറ വിൽപ്പന വില. ബീൻസ്, ക്യാരറ്റ് എന്നിവയുടെ ചില്ലറ വിൽപ്പന വില സെഞ്ച്വറി കടന്ന് മുന്നോട്ട് കുതിക്കുകയാണ്. മുരിങ്ങക്കയുടെ ഹോൾസെയിൽ വില കി​ലോയ്ക്ക് 250 രൂപയായി. ശബരിമല സീസണിൽ സ്വാമി കഞ്ഞിക്കും മറ്റുമായി ആളുകൾ കൂട്ടമായി പച്ചക്കറികൾ വാങ്ങാൻ തുടങ്ങിയതോടെ ചേന, ചേമ്പ്, കാച്ചിൽ എന്നിവയുടെ ചില്ലറ വിൽപ്പന വിലയും കി​ലോയ്ക്ക് നൂറുകടന്നു.

തക്കാളി വി​ലയും കുതി​ക്കുകയാണ്. സവാള, വെളുത്തുള്ളി തുടങ്ങിയവയ്ക്ക് നാളുകൾക്കു മുമ്പ് വർദ്ധിച്ച വില ഇത് വരെ കുറഞ്ഞില്ല. ഒരാഴ്ചയ്ക്കിടയിലാണ് പച്ചക്കറികൾക്ക് ഇത്രയധികം വിലവർദ്ധനവ് ഉണ്ടായത്. മുൻപ് പച്ചക്കറികിറ്റിൽ എല്ലാ സാധനങ്ങളും ലഭിക്കുമായിരുന്നു . എന്നാൽ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ കിറ്റിൽ നൽകുന്ന സാധനങ്ങളുടെ എണ്ണത്തിലും കുറവുണ്ട്. മുൻപ് ലഭിച്ചതു പോലെ എല്ലാ ഇനങ്ങളും അടങ്ങിയ പച്ചക്കറി കിറ്റി​ന് ചുരുങ്ങിയത് 200 രൂപ ചെലവഴിക്കണം. തിരുനെൽവേലി, പാവൂർസത്രം, മൈസൂർ, അലൻകുളം, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ജി​ല്ലയി​ലേക്ക് പച്ചക്കറി​കൾ എത്തി​ന്നത്. ഈ പ്രദേശങ്ങളിലുണ്ടായ കൃഷിനാശവും വെള്ളപ്പൊക്കവുമാണ് വരവ് കുറയാൻ ഇടയാക്കിയത്.


പച്ചക്കറി വില കി​ലോയ്ക്ക് (മൊത്തവില, ചില്ലറ)

 വെളുത്തുള്ളി: 400- 420

 മുരിങ്ങയ്ക്ക: 250- 270

 ഇഞ്ചി: 120- 140

 ബീൻസ്: 95- 110

 ക്യാരറ്റ്: 80- 100

 ചേമ്പ്: 90-110

 കാച്ചിൽ: 90- 110

 ചേന: 60- 80

 പച്ചമുളക്: 40-55

 അമരയ്ക്ക: 50-70

 സവാള: 60- 80

 കൊച്ചുള്ളി: 60-80

 തക്കാളി: 50

 കാബേജ്: 55- 70

 ബീറ്റ്‌റൂട്ട്- 55-70

 വെണ്ടയ്ക്ക:30- 50

 പച്ചക്കായ: 40- 55

 പാവയ്ക്ക: 50- 65

പച്ചക്കറികളുടെ വരവ് കുറവാണ്. കൃഷിനാശം, ചുഴലിക്കാറ്റ് എന്നിവയാണ് കാരണം. രണ്ടാഴ്ചയ്ക്ക് ശേഷം വരവ് കൂടാൻ സാദ്ധ്യതയുണ്ട്


എം.ജെ.അൻവർ, ജനറൽ സെക്രട്ടറി

കേരള വെജിറ്റബിൾസ് മർച്ചന്റ്‌സ് അസോസിയേഷൻ