 
കൊല്ലം: ഭാര്യ അനില തന്റെ നിയന്ത്രണത്തിൽ നിന്നു പോയെന്ന വിഷമത്തിലാണ്, കാർ തടഞ്ഞുനിറുത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയതെന്ന് പ്രതിയായ കൊല്ലം തഴുത്തല തുണ്ടിൽ മേലതിൽ വീട്ടിൽ പദ്മരാജന്റെ മൊഴി.
പദ്മരാജൻ പൊലീസിനോട് പറഞ്ഞതിങ്ങനെ: 'പട്ടത്താനം സ്വദേശി ഹനീഷുമായുള്ള ബന്ധത്തെച്ചൊല്ലി ഞാനും അനിലയും തമ്മിൽ പലതവണ വഴക്കുണ്ടായിട്ടുണ്ട്. കൊല്ലം ശങ്കേഴ്സിനടുത്ത് അനില കഴിഞ്ഞമാസം 6ന് തുടങ്ങിയ ബേക്കറിയിൽ ഹനീഷിന് പങ്കാളിത്തമുള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു. ഒരാഴ്ച കഴിഞ്ഞ് ഞൻ ബേക്കറിയിൽ എത്തിയപ്പോൾ ഹനീഷുമായി തർക്കമുണ്ടായി. അപ്പോഴാണ് ബേക്കറിയിൽ ഹനീഷിന് പങ്കാളിത്തമുള്ള കാര്യം അറിഞ്ഞത്. ഇതിനെച്ചൊല്ലി വീട്ടിൽ വഴക്കുണ്ടായതോടെ അനില മകളുമായി സ്വന്തം വീട്ടിലേക്ക് പോയി. പിന്നീടുണ്ടായ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ കൊല്ലത്ത് വാടകയ്ക്ക് താമസിക്കാൻ തീരുമാനിച്ചു. ഇതിനിടയിൽ വീണ്ടും വഴക്കുണ്ടായതോടെ ഞാൻ തഴുത്തലയിലെ വീട്ടിലേക്ക് മടങ്ങി.
സംഭവ ദിവസമായ ചൊവ്വാഴ്ച വീട്ടിനടുത്തുള്ള പൊതുപ്രവർത്തകൻ ഇടപെട്ട് ബേക്കറിയിൽ വച്ച് പ്രശ്ന പരിഹാര ചർച്ച നടന്നു. ഹനീഷും ഉണ്ടായിരുന്നു. പണം നൽകി ഹനീഷുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കാൻ ധാരണയായി. പക്ഷെ ഞാൻ കടയിൽ ചെല്ലാൻ പാടില്ലെന്ന അനിലയുടെ നിലപാട് എന്നെ ഒഴിവാക്കാനാണെന്ന് തോന്നി. ഇതോടെയാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്...'
പദ്മരാജന്റെ മൊഴി ശരിയാണോയെന്ന് പരിശോധിക്കാൻ ഇന്നലെ ഹനീഷിനെ കൊല്ലം ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്തു.
കണക്കുകൂട്ടൽ പാളി
അനിലയേയും ഹനീഷിനെയും ഒരുമിച്ച് പെട്രൊളൊഴിച്ച് കത്തിക്കാനായിരുന്നു പദ്മരാജന്റെ പദ്ധതി. ഇതിനായി ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെ കൊട്ടിയത്തെ പമ്പിൽ നിന്ന് 300 രൂപയ്ക്ക് പെട്രോൾ വാങ്ങി സ്റ്റീൽ തൊട്ടിയിൽ ഒമ്നി വാനിൽ സൂക്ഷിച്ചു. കൊല്ലം ആശ്രാമത്ത് അനിലയും ഹനീഷും ചേർന്ന് ആരംഭിച്ച ബേക്കറിക്ക് സമീപം രാത്രി 7.30 ഓടെ കാത്തുകിടന്നു. എട്ടരയോടെ അനില ബേക്കറി അടച്ച് കാറിൽ കയറി. കൂടെ കയറിയത് ഹനീഷാണെന്ന് കരുതി പദ്മരാജൻ വാനിൽ പിന്തുടർന്നു.
കടപ്പാക്കട ചെമ്മാംമുക്കിൽ എത്തിയപ്പോഴാണ് ഹനീഷ് സ്കൂട്ടറിൽ അയാളുടെ വീട്ടിലേക്ക് പോകാൻ കണ്ണനല്ലൂർ റോഡിലേക്ക് തിരിയുന്നത് പദ്മരാജൻ കണ്ടത്. ഈസമയം അനിത കാറിന്റെ വേഗം കുറച്ചു. തൊട്ടുപിന്നാലെ പദ്മരാജൻ ഒമ്നി വാൻ അനിതയുടെ കാറിന്റെ ഡ്രൈവിംഗ് സീറ്റിനോട് ചേർത്ത് നിറുത്തി. അപ്പോഴാണ് കാറിൽ ഉണ്ടായിരുന്നത് പുല്ലിച്ചിറ സ്വദേശിയായ ബേക്കറി ജീവനക്കാരൻ സോണിയാണെന്ന് തിരിച്ചറിഞ്ഞത്. പദ്മരാജൻ ഒമ്നി വാനിൽ തന്നെയിരുന്ന് സ്റ്റീൽ തൊട്ടിയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ അനിലയുടെ ശരീരത്തിലേക്ക് ഒഴിച്ചു. സീറ്റ് ബെൽറ്റ് ധരിച്ചതിനാലും തൊട്ടുചേർന്ന് ഒമ്നി വാൻ കിടന്നതിനാലും അനിലയ്ക്ക് രക്ഷപ്പെടാനായില്ല. നിമിഷങ്ങൾക്കുള്ളിൽ ലൈറ്റർ കത്തിച്ച് അനിലയുടെ ശരീരത്തിലേക്ക് ഇട്ടു. അനിതയുടെ ദേഹത്താകെ തീപിടിച്ചുവെന്ന് ഉറപ്പായതോടെ പദ്മരാജൻ ഓട്ടോറിക്ഷയിൽ കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു.
റിമാൻഡ് ചെയ്തു
കൊല്ലപ്പെട്ട അനിലയുടെ മൃതദേഹം പാരിപ്പള്ളി മെഡി. ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം തഴുത്തലയിലെ വീടായ തുണ്ടിൽ മേലതിൽ വീട്ടിൽ പൊതുദർശനത്തിന് വച്ചു. പദ്മരാജനും അനിലയും ചേർന്ന് നടത്തിയിരുന്ന കാറ്ററിംഗ് സെന്റർ പ്രവർത്തിച്ചിരുന്ന പുരയിടത്തിലായിരുന്നു സംസ്കാരം. പദ്മരാജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാലിലും കൈയിലും പൊള്ളലേറ്റ ബേക്കറി ജീവനക്കാരൻ സോണി പാരിപ്പള്ളി മെഡി. ആശുപത്രിയിൽ ചികിത്സയിലാണ്. ഫോറൻസിക് സംഘം സംഭവ സ്ഥലത്തെത്തി അനിലയുടെയും പദ്മരാജന്റെയും വാഹനങ്ങളിൽ നിന്ന് തെളിവെടുത്തു.