കരുനാഗപ്പള്ളി: കല്ലേലിഭാഗം വില്ലേജിൽ ഡിജിറ്റൽ സർവേ പൂർത്തിയായി. 2025 ഏപ്രിൽ 1 മുതൽ ഈ സർവെ പ്രകാരമുള്ള പുതിയ തണ്ടപ്പേർ നമ്പർ അനുസരിച്ചായിരിക്കും കരം ഒടുക്കുന്നത്. ഓരോരുത്തരും അവരുടെ ഭൂമിയുടെ വിസ്തീർണ്ണം, ഉടമയുടെ പേരും മേൽ വിലാസവും, നിലം പുരയിടമാക്കിയ രേഖകൾ , പട്ടയം തുടങ്ങിയ രേഖകളും ഈ സർവേയിൽ ഉൾപ്പെട്ടിട്ടുണ്ടോ, എന്തെങ്കിലും പിശക് പറ്റിയിയുണ്ടോ എന്നു പരിശോധിച്ച് തെറ്റുകൾ ഇല്ലെന്ന് ഉറപ്പ് വരുത്തണം. 2025 ജനുവരിയിൽ അന്തിമ വിജ്ഞാപനം വന്നു കഴിഞ്ഞാൽ തെറ്റുകൾ പരിഹരിക്കാൻ ഓഫീസുകൾ കേറി ഇറങ്ങേണ്ടി വരും. എത്ര മാസം കഴിഞ്ഞാലും ആ തെറ്റുകൾ പരിഹരിച്ച് മാത്രമേ കരം ഒടുക്കാൻ പിന്നെ സാധിക്കുകയുള്ളൂ.ഇപ്പോൾ നിങ്ങളുടെ ഭൂമിയുടെ റെക്കോർഡുകൾ പരിശോധിക്കാനും പരാതി പരിഹരിക്കാനും അവസരം ഒരുക്കുകയാണ്. ഇന്ന് വെളുത്തമണൽ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ് സെമിനാർ ഹാളിൽ റെക്കാർഡ് പ്രദർശനവും ജാതി പരിഹാരവും ഉണ്ടാകും. സബ് കളക്ടർ നിഷാന്ത് സിഹാര ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും. അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.