കരുനാഗപ്പള്ളി: ഗ്രാമപ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. സംഘടിതമായാണ് ഇവറ്റകൾ ആളുകളെ ആക്രമിക്കുന്നത്. വീടുകൾക്കുള്ളിൽപ്പോലും തെരുവ് നായ്ക്കൾ കടന്ന് കയറുന്നതായി പരാതിയുണ്ട്. തൊടിയൂർ ഗ്രാമ പഞ്ചായത്തിലെ 9-ാം വാർഡിൽ നിരവധിപേരെ തെരുവ് നായ്ക്കൾ കടിച്ച് പരിക്കേപ്പിച്ചു. കോൺഗ്രസ് നേതാവ് തൊടിയൂർ രാമചന്ദ്രന്റെ ഭാര്യ വൈ.സുജ, ലോട്ടറി വില്പനക്കാരൻ ആനന്ദൻ തുടങ്ങി നിരവധി പേർക്ക് കടിയേറ്റു. ഇവരിൽ പലരും താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. താലൂക്ക് ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകൾ ലഭ്യമല്ലെന്ന പരാതിയും ഉയരുന്നു. രാത്രിയുടെ മറവിൽ പൊതു ഇടങ്ങളിൽ നിക്ഷേപിക്കുന്ന ഹോട്ടൽ മാലിന്യങ്ങൾ തെരുവ് നായ്ക്കൾ കൂട്ടത്തോടെ കഴിക്കാൻ എത്തുന്നു. ഇങ്ങനെ എത്തുന്ന നായ്ക്കളാണ് നാട്ടുകാർക്ക് ഭീഷണിയാകുന്നത്.