 
കൊല്ലം : കഥകളി ആചാര്യൻ ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള ആശാൻ സ്മാരക സാംസ്കാരിക കലാകേന്ദ്രത്തിന്റെ ആറാമത് ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള ആശാൻ സ്മാരക കഥകളി പുരസ്കാരം കഥകളി കലാകാരൻ കലാനിലയം രാഘവൻ ആശാന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഥകളി രംഗത്തെ സമഗ്ര സംഭാവനകളെ മുൻനിറുത്തിയാണ് പുരസ്കാരം നൽകുന്നത്. കൊച്ചുഗോവിന്ദപ്പിള്ള ആശാന്റെ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 8ന് വൈകിട്ട് 5ന് ഓയൂരിലെ ആശാൻ സ്മാരക കലാകേന്ദ്രത്തിൽ നടക്കുന്ന ചടങ്ങ് എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ജി.എസ്.ജയലാൽ എം.എൽ.എ പുരസ്കാര സമർപ്പണം നടത്തും. പി.സി.വിഷ്ണുനാഥ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കലാകേന്ദ്രം പ്രസിഡന്റ് ജി.ഹരിദാസ് അദ്ധ്യക്ഷനാകും. സെക്രട്ടറി ജി.ഗോപകുമാർ, കലാമണ്ഡലം രതീശൻ, എം.അൻസർ, കലാമണ്ഡലം രാജശേഖരൻ, മാത്ര രവി, കെ.ഗോപകുമാരൻ പിള്ള, സുൽഫി ഓയൂർ, ഡി.രമേശൻ, ആർ.ശശിധര കുറുപ്പ് എന്നിവർ സംസാരിക്കും. രാവിലെ ക്വിസ് പ്രോഗ്രാം, പഞ്ചാരിമേളം, നാടകം, പരിചമുട്ടുകളി, മദ്ദളകേളി എന്നീ പരിപാടികളും വൈകിട്ട് 7ന് നൃത്ത നൃത്യങ്ങൾ, തിരുവാതിര, 8ന് കുചേലവൃത്തം കഥകളി എന്നിവയും നടക്കും. വാർത്താസമ്മേളനത്തിൽ ജി.ഗോപകുമാർ, ജി.ഹരിദാസ്, ഒ.വിജയൻ, ആർ.ശശിധര കുറുപ്പ് എന്നിവർ പങ്കെടുത്തു.