photo
ശരത്

ചടയമംഗലം: വൃദ്ധനെ മർദ്ദിച്ചവശനാക്കിയശേഷം പണം കവർന്ന യുവാവ് പിടിയിൽ. ചടയമംഗലം സ്വദേശി ശരത്തിനെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് ചടയമംഗലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തായി ചെരുപ്പ് നന്നാക്കുന്ന ശിവദാസനോട് ശരത് മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു. നൽകാതെവന്നതോടെ ശിവദാസനെ മർദ്ദിച്ച് അവശനാക്കി ബാഗിലുണ്ടായിരുന്ന 3500 രൂപയും ആധാർ കാർഡും ബാങ്ക് പാസ് ബുക്കുമടക്കമുള്ള രേഖകളും അപഹരിച്ച് കടന്നുകളഞ്ഞു. മർദ്ദനത്തിൽ പരിക്കേറ്റ ശിവദാസനെ നാട്ടുകാർ ചടയമംഗലത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകി. സി.ഐ എൻ.സുനീഷിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ശരത്തിനെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.