കൊല്ലം: ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് നിരക്ക് അഞ്ചിൽ നിന്ന് 10 രൂപയിലേക്ക് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീകാന്തിനെ ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളത്തിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം.
വിലവർദ്ധനവ് വന്നതോടെ ജില്ലാ പഞ്ചായത്തിന് പ്രതിദിനം 20,000 രൂപയാണ് ലാഭമെന്നും പ്രതിവർഷം 70 ലക്ഷം രൂപ ഒ.പി ടിക്കറ്റ് നിരക്കിൽ നിന്നു മാത്രം ലഭിക്കുമെന്നും പ്രണവ് താമരക്കുളം പറഞ്ഞു. യുവമോർച്ചയുടെ പരാതി രേഖാമൂലം തന്നെ എച്ച്.എം.സി ചെയർമാനെ അറിയിക്കാമെന്നും ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് അറിയിച്ചെങ്കിലും റിപ്പോർട്ട് വരുന്നത് വരെ അഞ്ചുരൂപ ഒ.പി നിരക്ക് ആക്കണമെന്ന് യുവമോർച്ച പ്രവർത്തകർ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് അധികൃതരുമായി ചർച്ച നടത്തിയെങ്കിലും ടിക്കറ്റ് നിരക്ക് വർദ്ധന പിൻവലിക്കാനാകില്ലെന്ന് പ്രവർത്തകരെ ഡെപ്യൂട്ടി സൂപ്രണ്ട് അറിയിച്ചു. തുടർന്ന് പ്രവർത്തകർ സൂപ്രണ്ട് ഓഫീസിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി ഇവരെ അറ്‌സറ്റ് ചെയ്ത് നീക്കി. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗോപകുമാർ, അഭിഷേക് മുണ്ടയ്ക്കൽ, രഞ്ജിത ആനിൽ, അഭിരാം, ആദിത്യൻ, ഷിബു എന്നിവർ നൃതൃത്വം നൽകി.