കൊല്ലം: കൊച്ചി വാട്ടർ മെട്രോയ്ക്ക് സമാനമായി കൊല്ലത്തും നഗര ജലഗതാഗത ശ്യംഖല ആരംഭിക്കുന്നതിന് ഇൻലാൻഡ് വാട്ടർവെയ്സ് അതോറിട്ടി ഒഫ് ഇന്ത്യ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതിനായി നോഡൽ ഓഫീസറെ നിയോഗിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
ഫെറി സർവീസ് അടക്കം കൊല്ലം നഗരത്തിൽ നിലവിലുള്ള ജലഗതാഗത സംവിധാനങ്ങൾ, ജലയാനങ്ങളിൽ ചരക്ക് വാഹനങ്ങൾ കൊണ്ടുപോകുന്ന റോ റോ സർവീസ്, ചരക്ക് വാഹനങ്ങളും യാത്രാ വാഹനങ്ങളും ഒരുമിച്ച് കൊണ്ടുപോകുന്ന റോ പാക്സ് സംവിധാനം എന്നിവ സംബന്ധിച്ചും ആരാഞ്ഞിട്ടുണ്ട്. നിലവിൽ ഇതുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ റിപ്പോർട്ട് സമർപ്പിക്കണം. കൊല്ലത്ത് നഗര ജലഗതാഗത ശൃംഖല ആരംഭിക്കുന്നത് സംബന്ധിച്ചുള്ള പഠനത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഒരാഴ്ച മുൻപ് കേന്ദ്ര ഉൾനാടൻ ജലഗതാഗത മന്ത്രാലയം കെ.എം.ആർ.എല്ലിനോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിന്റെ നിലപാടാണ് പ്രധാനം.
 നാറ്റ്പാക്കിന്റെ പഠന റിപ്പോർട്ട്
കൊല്ലത്ത് വാട്ടർ മെട്രോ ആരംഭിക്കുന്നത് സംബന്ധിച്ച് നാറ്റ്പാക് നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് കൊച്ചി വാട്ടർ മെട്രോയ്ക്ക് കൈമാറിയിട്ടുണ്ട്. കൊല്ലം കോർപ്പറേഷന്റെ ആവശ്യപ്രകാരമാണിത്. സർവ്വീസ് ആരംഭിക്കാവുന്ന റൂട്ടുകളും യാത്രക്കാരുടെയും വിനോദ സഞ്ചാരികളുടെയും സാദ്ധ്യതയും സംബന്ധിച്ചായിരുന്നു നാറ്റ്പാക്കിന്റെ പഠനം. എന്നാൽ കേന്ദ്ര മന്ത്രാലയം ചരക്ക് നീക്കത്തിന്റെ സാദ്ധ്യത ആരാഞ്ഞിട്ടുണ്ട്.
പഠനം നടത്തിയത് മൂന്ന് റൂട്ടുകളിൽ
 കൊല്ലം- മൺറോത്തുരുത്ത്
 കൊല്ലം- കുണ്ടറ
 കൊല്ല- കുണ്ടറ- ചവറ 
 പ്രതീക്ഷിക്കുന്നത് പ്രതിദിനം 6000 യാത്രക്കാർ
 വിനോദ സഞ്ചാരികൾ സഹിതം
 സർവ്വീസ് ആരംഭിക്കുമ്പോൾ യാത്രക്കാർ ഉയരും
 കൊല്ലം- മൺറോത്തുരുത്ത് റൂട്ടിൽ ആദ്യം
 കൊല്ലം തോടിന്റെ സാദ്ധ്യതയും പഠിക്കും