കൊല്ലം: എസ്.എൻ കോളേജ് ജംഗ്ഷനിൽ ആർ.ഒ.ബി അനിവാര്യമെന്ന് കളക്ടർ നിയോഗിച്ച ഏജൻസിയുടെ കരട് സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട്. തിരുവനന്തപുരം ആസ്ഥാനമായ സെന്റർ ഫോർ ലാൻഡ് ആൻഡ് സോഷ്യൽ സ്റ്റഡീസ് രണ്ടാഴ്ചയ്ക്കുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കും.
ലെവൽക്രോസ് ഇടയ്ക്കിടെ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക് കാരണം യാത്രക്കാർ ബുദ്ധിമുട്ട് നേരിടുന്നതായി കരട് റിപ്പോർട്ടിൽ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും കൃത്യസമയത്ത് എത്താൻ കഴിയാത്തതിന് പുറമേ അടിയന്തരഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിലും ബുദ്ധിമുട്ട് നേരിടുന്നു. ഇപ്പോൾ ഏറ്റെടുക്കാൻ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങൾക്ക് പകരം പദ്ധതിക്ക് പ്രയോജനപ്പെടുത്താവുന്ന പൊതു സ്ഥലങ്ങളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പഠനസംഘം അടുത്തിടെ പ്രദേശത്തെ ഹിയറിംഗ് നടത്തി ഭൂമിയും കെട്ടിടവും നഷ്ടമാകുന്നവരിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞിരുന്നു.
അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് പിന്നാലെ ഓരോ സർവ്വേ നമ്പരിൽ നിന്ന് ഏറ്റെടുക്കുന്ന ഭൂമിയുടെ അളവ് സഹിതമുള്ള സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂവുടമകളുടെ പരാതി സ്വീകരിച്ച ശേഷം കെട്ടിടത്തിന്റെയും ഭൂമിയുടെയും വില നിർണയിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യും. 0.97 ഹെക്ടർ ഭൂമിയാണ് ആർ.ഒ.ബി നിർമ്മാണത്തിനായി ഏറ്റെടുക്കുന്നത്. ആർ.ഒ.ബിയുടെ, റെയിൽവേ ലൈനിന് മുകളിലുള്ള ഭാഗത്തിന്റെ രൂപരേഖയ്ക്ക് റെയിൽവേയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുക്കൽ പൂർത്തിയായാൽ എസ്റ്റിമേറ്റ് പുതുക്കി നിർമ്മാണ നടപടികളിലേക്ക് കടക്കാം.
പുനരധിവാസത്തിന് 34.90 ലക്ഷം
ഏറ്റെടുക്കലിൽ ഭൂമിയും കെട്ടിടവും നഷ്ടമാകുന്നവർക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് കരട് റിപ്പോർട്ടിൽ പറയുന്നു. ഇതിന് പുറമേ ഈ സ്ഥാപനങ്ങളിൽ വ്യാപാരങ്ങൾ നടത്തുന്നവർക്ക് പുനരധിവാസ പാക്കേജ് തയ്യാറാക്കിയും നഷ്ടപരിഹാരം നൽകും. സംരംഭങ്ങൾക്കും വാടകക്കാർക്കും ഇത്തരത്തിൽ സഹായം ലഭിക്കും.