xxx
ംംം

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കിലെ റേഷൻ കടകളിൽ പച്ചരി കിട്ടാക്കനിയായി. ഓണത്തിന് ശേഷം ഒരിക്കൽ പോലും കരുനാഗപ്പള്ളിയിലെ റേഷൻ കടകളിൽ റേഷൻ പച്ചരി എത്തിയിട്ടില്ല. പച്ചരിക്കായി റേഷൻ കാർഡ് ഉടമകൾ ദിവസവും റേഷൻ കടകൾ കയറി ഇറങ്ങുകയാണ്. റേഷൻ കടകളിൽ പച്ചരി കിട്ടാതായതോടെ ഓപ്പൺ മാർക്കറ്റിൽ പച്ചരിയുടെ വില 45 രൂപയായി ഉയർന്നു. സാധാരണക്കാർക്ക് പച്ചരി അപ്രാപ്യമായി മാറുകയാണ്. ബി.പി.എൽ, എൻ.പി.എസ്, എൻ.പി.എൻ.എസ് എന്നീ വിഭാഗത്തിലുള്ളവർക്ക് പോലും റേഷൻ കടകളിൽ നിന്ന് പച്ചരി ലഭിക്കുന്നില്ല.

എൻ.പി.എസ് 4 രൂപ

എൻ.പി.എൻ.എസ് 10.90 രൂപ

ഓപ്പൺ മാർക്കറ്റിൽ 45 രൂപ

സപ്ലൈ ഓഫീസ് അധികൃതുടെ അനാസ്ഥ

ബി.പി.എൽ കാർഡുകാർക്ക് പച്ചരി പൂർണമായും സൗജന്യമാണ്. എൻ.പി.എസ് വിഭാഗത്തിൽ പെട്ടവർക്ക് പച്ചരി കിലോഗ്രാമിന് 4 രൂപയും എൻ.പി.എൻ.എസ് വിഭാഗത്തിൽ പെട്ടവർക്ക് 10.90 രൂപ നിരക്കിലുമാണ് റേഷൻ കടകളിൽ നിന്ന് പച്ചരി ലഭിച്ചിരുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ആവശ്യമായ പച്ചരി ലഭ്യമാകുന്നത്. കരുനാഗപ്പള്ളി, താലൂക്കിലെ റേഷൻ കടകളിലേക്ക് റേഷൻ സാധനങ്ങൾ നൽകുന്നത് കരുനാഗപ്പള്ളി എഫ്.സി.ഐ ഗോഡൗണിൽ നിന്നാണ്. ഗോഡൗണിൽ ആവശ്യത്തിന് പച്ചരി സ്റ്റോക്ക് ഉണ്ടെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്. എന്നാൽ ഇവിടെ നിന്ന് പച്ചരി എടുത്ത് റേഷൻ കടകൾക്ക് നൽകുന്നതിൽ ജില്ലാ സപ്ലൈ ഓഫീസ് അധികൃതർ അനാസ്ഥ കാട്ടുന്നതായി വ്യാപാരികൾ ആരോപിക്കുന്നു.

കടകളിൽ സ്റ്റോക്ക് വ‌ർദ്ധനവ്

അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചരി ലഭ്യമല്ലെങ്കിൽ നാടൻ പച്ചരി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ടവർക്ക് സ്വീകരിക്കാവുന്നതാണ്. അത്തരത്തിലുള്ള ഒരു നീക്കവും ഉന്നതങ്ങളിൽ ഉള്ളവരുടെ ഭാഗത്തു നിന്ന് ഉണ്ടാകാത്തത് തികച്ചും ഖേദകരമാണ്. കരുനാഗപ്പള്ളി താലൂക്കിൽ മൊത്തം 258 റേഷൻ കടകളാണ് ഉള്ളത്. റേഷൻ കടകളിൽ പച്ചരിയുടെ വിതരണം നിലച്ചതോടെ മറ്റ് സാധനങ്ങളുടെ വില്പനയിലും കുറവ് വന്നിട്ടുണ്ട്. വില്പന കുറഞ്ഞതോടെ നിലവിൽ ഓരോ റേഷൻ കടകളിലും സ്റ്റോക്ക് അധികമാണ്.

റേഷൻ കടകളിലേക്ക് ജനങ്ങളെ ആകർഷിക്കണമെങ്കിൽ പച്ചരി എത്രയും വേഗം വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണം.

റേഷൻ വ്യാപാരികൾ