 
തഴവ: കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിലേക്കുള്ള ഔദ്യോഗിക റോഡ് കാൽനടയ്ക്ക് പോലും കൊള്ളാത്ത അവസ്ഥയിലായി. ഗ്രാമ പഞ്ചായത്ത് കാര്യാലയത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് ഇന്ന് ഗ്രാമവാസികൾക്കും യാത്രക്കാർക്കും പേടി സ്വപ്നമാകുന്നത് . മഴക്കാലത്ത് റോഡ് കാണാൻ കഴിയാത്ത നിലയിൽ വെള്ളം കെട്ടി നിൽക്കും. റോഡിലെ വലിയ കുഴികളിൽ വീണ് വിദ്യാർത്ഥികളടക്കം നിരവധി യാത്രാക്കാർക്ക് അപകടം സംഭവിക്കുന്നതും പതാവാണ്.
കരാറുകാരൻ ഉപേക്ഷിച്ചു
ശരാശരി ഒന്നര കിലോമീറ്ററിനകത്ത് മാത്രം നീളമുള്ള ഈ റോഡ് ശാസ്ത്രീയമായി പുനർനിർമിക്കുന്നതിനായി 5 വർഷം മുൻപ് ടെണ്ടർ നടപടികൾ പൂർത്തിയായതാണ്. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അന്ന് 41 ലക്ഷം രൂപ അനുവദിച്ചെങ്കിലും കവിയിൽ ജംഗ്ഷന് പടിഞ്ഞാറ് വശമുള്ള ഓടയുടെ നിർമാണം മാത്രം പൂർത്തിയാക്കി കരാറുകാരൻ പ്രവൃത്തി ഉപേക്ഷിക്കുകയായിരുന്നു.
വെള്ളം കെട്ടി നിൽക്കുന്നു
ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ഔദ്യോഗിക വാഹനം പോലും കഷ്ടപ്പെട്ട് കടന്നു വരേണ്ട സാഹചര്യം ഉണ്ടായതോടെ ഈ വർഷം വീണ്ടും ഇതേ ജോലിക്ക് റീടെണ്ടർ നടപടികൾ പൂർത്തിയാക്കി .എന്നാൽ വർഷം അവസാനിക്കുമ്പോഴും റോഡ് നിർമ്മാണം ഒരിഞ്ച് പോലും മുന്നോട്ട് പോയിട്ടില്ല. ദേശീയപാതയ്ക്ക് പടിഞ്ഞാറ് വശം കുലശേഖരപുരം ,നീലികുളം മേഖലയിലെ സ്വാഭാവിക നീരൊഴുക്ക് പടിഞ്ഞാറ് തഴത്തോട്ടിലേക്കാണ്. ആനന്ദാ ജംഗ്ഷൻ മുതൽ തഴത്തോട് വരെയുള്ള ഭാഗത്ത് ഓട നിർമ്മിച്ച ശേഷം റോഡ് ശാസ്ത്രീയമായി ഉയർത്തി ടാർ ചെയ്താൽ മാത്രമേ ഇത് പൂർണമായും ഗതാഗത യോഗ്യമാക്കുവാൻ കഴിയുകയുള്ളു. ആനന്ദാ ജംഗ്ഷനും തഴത്തോടിനുമിടയിൽ താഴ്ന്ന ഭാഗങ്ങളിൽ മഴക്കാലത്ത് ദിവസങ്ങളോളം വെള്ളം കെട്ടി നിൽക്കുന്നതാണ് റോഡ് തകരുന്നതിന് പ്രധാന കാരണം.