കൊല്ലം: തകർച്ച നേരിട്ട കാലത്തിൽ നിന്ന് നാടകം പൂർവാധികം ശക്തിയോടെ ഉയർത്തെഴുന്നേൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന നാടകോത്സവം സോപാനം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ചെറിയ കുട്ടികളടക്കം പുതിയ തലമുറ നാടകത്തിന്റെ ഭാഗമാവുകയാണ്. നാടകം ജീവിതവും വികാരവുമായി കണ്ട ജനതയാണ് കൊല്ലത്തുള്ളതെന്നും മന്ത്രി പറഞ്ഞു. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയായി. നാടക അഭിനേതാവും രചയിതാവുമായ കെ.കെ.മണി, നാടക് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ. ഉണ്ണിക്കൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു, കെ.കെ.മണി, ജെ. ഉണ്ണിക്കൃഷ്ണൻ, പു.ക.സ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. സജിനാഥ്, ഇപ്റ്റ സംസ്ഥാന ട്രഷറർ അഡ്വ.ആർ. വിജയകുമാർ, കല സെക്രട്ടറി ആർ.ശിവപ്രസാദ്, മാസ്സ് സെക്രട്ടറി എ. റഷീദ്, കോർപ്പറേഷൻ സൂപ്രണ്ട് വിനോദ് എന്നിവർ സംസാരിച്ചു. കോർപ്പറേഷൻ സ്ഥിരം അദ്ധ്യക്ഷരായ എസ്.ജയൻ, യു. പവിത്ര, സജീവ് സോമൻ, സുജാകൃഷ്ണൻ, എസ്. സവിതാദേവി തുടങ്ങിയവർ പങ്കെടുത്തു. ഇന്നലെ ആരംഭിച്ച നാടകോത്സവം 15ന് രാത്രിയോടെ സമാപിക്കും. 11 സംവിധായകരുടെ വൈവിദ്ധ്യമാർന്ന 11 നാടകങ്ങളാണ് അരങ്ങേറുന്നത്. വരും ദിവസങ്ങളിൽ ഹൃദ്യമീലാവ, ഒളിവിലെ ഓർമ്മകൾ, ഊഴം, ഭക്തക്രിയ, ജനപ്രിയം സൈക്കിൾ, കലുങ്ക്, ആണൊരുത്തി, ലക്ഷ്മണ രേഖ, വാഴ്വേമായം, കനൽക്കാറ്റ് എന്നീ പ്രൊഫഷണൽ നാടകങ്ങൾ അവതരിപ്പിക്കും.
കൈയടി നേടി ആടുപുലിയാട്ടം
നാടകോത്സവത്തിന് തുടക്കം കുറിച്ച് നീരാവിൽ കലാകേന്ദ്രത്തിലെ കൊച്ചു മിടുക്കർ അവതരിപ്പിച്ച ആടുപുലിയാട്ടം ശ്രദ്ധേയമായി. എലിയെ പുലിയാക്കുന്ന സാമൂഹിക സാഹചര്യങ്ങളും പ്രകൃതിയുടെ രാഷ്ട്രീയവും കഥയാക്കി അവതരിപ്പിച്ച നാടകം കാഴ്ചക്കാർക്ക് നവ്യാനുഭവമായി. നീരാവിൽ എസ്.എൻ.ഡി.പി.വൈ.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളും പ്രകാശ് കലാകേന്ദ്രത്തിലെ ബാലവേദി സജീവ പ്രവർത്തകരുമായ അദിതി, അഭിമന്യു, റിവേര, അനന്ദു, പവൻ, ശ്രീഗൗരി, ഫാത്തിമ, വിലോമൻ, റോഷൻ, ശ്രീനയൻ,ഹരി മുരളി, ഹരി നാരായണൻ, ആത്‍മജ എന്നിവരാണ് നാടകം അവതരിപ്പിച്ചത്. കഴിഞ്ഞ ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം നാടക മത്സരത്തിൽ ഒന്നാംസ്ഥാനവും മികച്ച നടനുള്ള സമ്മാനവും ആടുപുലിയാട്ടം സ്വന്തമാക്കിയിരുന്നു. സ്‌കൂൾ ഒഫ് ഡ്രാമയിലെ അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ അമാസ് എസ്.ശേഖറാണ് നാടകം സംവിധാനം ചെയ്തത്.