കൊല്ലം: ഹൃദയാഘാതം പോലെ കൈകളിലെയോ കാലുകളിലെയോ രക്തയോട്ടം പെട്ടെന്ന് നിലയ്ക്കുമ്പോൾ ഉണ്ടാകുന്ന അവയവാഘാതത്തെയും (അക്യൂട്ട് ലിംബ് ഇക്കീമിയ) സൂക്ഷിക്കണമെന്ന് കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ കാർഡിയാക് സർജൻ ഡോ. എസ്. ആകാശ് പറയുന്നു.
കാലുകളിലേക്ക് ശുദ്ധരക്തം അഥവാ ഓക്സിജൻ നിറഞ്ഞ രക്തം കൊണ്ടുപോകുന്ന രക്ത ധമനികളിൽ രക്തം കട്ടിയാകുമ്പോഴാണ് അവയാവാഘാതം സംഭവിക്കുന്നത്. ഇതുപോലെ തന്നെ ഹൃദയത്തിൽ കട്ടിപിടിക്കുന്ന രക്തം ധമനികളിലൂടെ കാലുകളിലേക്ക് എത്തിയും തടസം സൃഷ്ടിക്കാം. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവർക്കാണ് ഇത്തരം അവസ്ഥയ്ക്ക് കൂടുതൽ സാദ്ധ്യത. പ്രമേഹം, രക്താതിസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ ഉള്ളവർക്കും പുകവലിക്കുന്നവർക്കും പുകയില അടങ്ങിയ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവർക്കും രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞ് ബ്ലോക്ക് രൂപപ്പെടാം. പെട്ടെന്നു കൂടുതൽ രക്തം കട്ടപിടിക്കുമ്പോൾ കാലുകളിൽ തീവ്രാഘാതമുണ്ടാകുന്നു.
പെട്ടെന്നുള്ള ശക്തമായ കാൽ വേദനയോ കൈ വേദനയോ ആണ് അവയവാഘാതത്തിന്റെ ആദ്യത്തെ ലക്ഷണം. സ്ഥിതി കൂടുതൽ ഗുരുതരമാകുമ്പോൾ തരിപ്പും മരവിപ്പും പിന്നീട് ബലക്ഷയവുമുണ്ടാകും. കാലുകൾ തണുക്കും, വിളർച്ചയും ഉണ്ടാകും. ചികിത്സ നേടാൻ വൈകിയാൽ കാലിലെ മാംസത്തിനും പേശികൾക്കും കോശമരണം സംഭവിക്കും. ഇതിന്റെ തുടർച്ചയായി ചുരുക്കം മണിക്കൂറുകൾക്കകം കാലുകൾ നിർജ്ജീവമാന്നതിനാൽ കാൽമുട്ടിനു താഴെയോ മുകളിലോ മുറിച്ചു മാറ്റേണ്ടി വരും.
ക്യാമ്പ് ഇന്നുകൂടി
കേരളകൗമുദിയുടെയും കൊല്ലം ശങ്കേഴ്സ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ശങ്കേഴ്സിൽ പുരോഗമിക്കുന്ന കാർഡിയോളജി ആൻഡ് കാർഡിയോ തൊറാസിക് മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന് സമാപിക്കും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് കൺസൾട്ടേഷൻ. ശങ്കേഴ്സിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ജീൻ ചക്കാലയ്ക്കൽ പോൾ, കാർഡിയാക് സർജൻ ഡോ. ആകാശ് എന്നിവർ നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർ ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും പി.എം.ജെ.വൈ, കാരുണ്യ, മെഡിസെപ്പ് പദ്ധതികൾ എന്നിവയ്ക്ക് പുറമേ വിവിധ ഇൻഷ്വറൻസ് സ്കീമുകളും പ്രയോജനപ്പെടുത്താം.
ചികിത്സ ചെലവിൽ ഇളവുകൾ
 കൺസൾട്ടേഷനും ഇ.സി.ജിയും സൗജന്യം
 എക്കോ, ടി.എം.ടി പരിശോധനകൾക്ക് 40 ശതമാനം ഇളവ്
 ആൻജിയോഗ്രാമിനും ആൻജിയോ പ്ലാസ്റ്റിക്കും 25 ശതമാനം ഇളവ്
 ഓപ്പൺ ഹാർട്ട് സർജറിക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് ചെലവിൽ 25 ശതമാനം ഇളവ്
 വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും: 0474 2756000