കൊല്ലം: കൊല്ലം കോർപ്പറേഷനിലെയും സമീപത്തെ അഞ്ച് പഞ്ചായത്തുകളിലെയും അഞ്ച് ലക്ഷത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാനുള്ള ഞാങ്കടവ് പദ്ധതിയുടെ പൈപ്പിടൽ കുളം തോണ്ടുന്ന സമീപനവുമായി ദേശീയ ഉപരിതല ഗതാഗത മന്ത്രാലയം (മോർത്ത്). കല്ലടയാറ്റിൽ ഞാങ്കടവിൽ നിർമ്മിച്ച കൂറ്റൻ കിണറിൽ നിന്ന് കൊല്ലത്തേക്ക് വെള്ളം കൊണ്ടുവരാൻ ദേശീയപാതയോരത്ത് പൈപ്പിടാനുള്ള അനുമതിയുടെ പേരിലാണ് പദ്ധതി തന്നെ പ്രതിസന്ധിയിലാക്കുന്ന നിലപാട് മോർത്ത് സ്വീകരിക്കുന്നത്.
കുണ്ടറ നാന്തിരിക്കൽ മുതൽ ഇളമ്പള്ളൂർ പൊലീസ് സ്റ്റേഷൻ വരെ 170 മീറ്ററോളം ദേശീയപാതയിൽ പൈപ്പിടാൻ അനുമതി നൽകാമെന്ന് കഴിഞ്ഞയാഴ്ച കളക്ടറുടെയും എം.എൽ.എമാരുടെയും സാന്നിദ്ധ്യത്തിൽ മോർത്ത് അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇന്നലെ ഈ തീരുമാനത്തിൽ നിന്നു മലക്കം മറിച്ചുകൊണ്ടുള്ള മറുപടി നിർവഹണ ഏജൻസിയായ വാട്ടർ അതോറിട്ടിക്ക് നൽകിയിരിക്കുകയാണ്.
മൂന്നര വർഷം മുൻപ് ഞാങ്കടവിൽ നിന്ന് ഇളമ്പള്ളൂർ വരെ പ്പൈപിടൽ പൂർത്തിയാക്കിയിരുന്നു. ഇതിൽ പേരയം മുതൽ ഇളമ്പള്ളൂർ പൊലീസ് സ്റ്റേഷൻ വരെ മൂന്ന് കിലോമീറ്റർ ദേശീയപാത കുഴിച്ചാണ് പൈപ്പിട്ടത്. എന്നാൽ ഇളമ്പള്ളൂർ സ്റ്റേഷൻ മുതൽ നാന്തിരിക്കൽ വരെയുള്ള ഒരു കിലോ മീറ്റർ ദൂരത്തെ പൈപ്പിടൽ, റോഡ് വെട്ടിക്കുഴിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് തടസപ്പെടുത്തുകയായിരുന്നു.
മൂന്നര വർഷത്തിനുള്ളിൽ മന്ത്രിതലത്തിൽ വരെ ചർച്ച നടത്തിയെങ്കിലും മോർത്ത് വഴങ്ങിയില്ല. റോഡിന്റെ ഓരം വെട്ടിക്കുഴിച്ച് ഒരു കിലോമീറ്റർ പൈപ്പിടാൻ നാലരലക്ഷം രൂപയാണ് ചെലവ്. എന്നാൽ റോഡ് വെട്ടിമുറിക്കാതെ പെപ്പിടുന്ന, 30 കോടി ചെലവാകുന്ന മൈക്രോ ടണിലിംഗ് മാത്രമേ അനുവദിക്കൂ എന്ന നിലപാടിലായിരുന്നു മോർത്ത്. ഇത്രയും പണം ചെലവാക്കാൻ കഴിയാത്തതിനാൽ കുണ്ടറ സബ് സ്റ്റേഷൻ മുതൽ പഞ്ചായത്ത് റോഡിലൂടെ പൈപ്പിടുന്ന പദ്ധതി വാട്ടർ അതോറിട്ടി തയ്യാറാക്കി. എങ്കിലും നാന്തിരിക്കലിൽ എത്താൻ 170 മീറ്റർ ദേശീയപാത രത്തുകൂടിത്തന്നെ പൈപ്പിടണം. ഇതിന് റോഡ് മുറിക്കാനുള്ള അനുമതി നൽകാമെന്ന് രണ്ടാഴ്ച മുൻപ് കളക്ടറുടെ സാന്നിദ്ധ്യത്തിൽ നൽകിയ ഉറപ്പിൽ നിന്നാണ് മോർത്ത് അധികൃതർ പിൻമാറിയത്. വെട്ടിമുറിക്കുന്ന റോഡിന്റെ ഭാഗം ഉന്നത നിലവാരത്തിൽ പുനർനിർമ്മിച്ച് നീണ്ടകാലത്തെ പരിപാലനം ഏറ്റെടുക്കുമെന്ന് വാട്ടർ അതോറിട്ടി ഉറപ്പുനൽകിയിരുന്നതാണ്.