bike
ബൈക്ക്

കൊല്ലം: എ.ഐ കാമറകളെ കൂസാതെ മോഷ്‌ടിച്ച പൾസർ ബൈക്കിൽ കറങ്ങി കള്ളൻ പെറ്റി വാങ്ങിക്കൂട്ടുന്നു. കഴിഞ്ഞ ജൂൺ 13ന് പുലർച്ചെയോടെ മയ്യനാട് തെക്കുംകര ജയലക്ഷ്മി ഭവനിൽ നിന്ന് കവർന്ന വിഷ്‌ണുവിന്റെ ബൈക്കിലാണ് മോഷ്‌ടാവ് തിരുവനന്തപുരം ജില്ലയിൽ യഥേഷ്‌ടം വിലസുന്നത്.

കൊട്ടിയം പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണ പുരോഗതിയില്ല. കഴി‌ഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റിൽ വാഹനത്തിന്റെ സ്‌റ്റാറ്റസ് പരിശോധിച്ചപ്പോഴാണ് മോഷ്‌ടിക്കപ്പെട്ട ബൈക്ക് രണ്ട് ട്രാഫിക നിയമ ലംഘനം നടത്തി കാമറയിൽ കുടുങ്ങിയ വിവരം ഉടമ അറിയുന്നത്.

ജൂൺ 26ന് കാട്ടാക്കടയിലും ഒക്‌ടോബർ 10ന് ബാലരാമപുരത്തുമാണ് ഹെൽമെറ്റില്ലാത്ത യാത്രയ്‌ക്ക് പിഴ വന്നിരിക്കുന്നത്. ബാലരാമപുരത്ത് ബൈക്കിന് പിന്നിൽ ഒരു സ്‌ത്രീയുമായി മോഷ്‌ടാവ് യാത്ര ചെയ്യുന്ന ചിത്രം സഹിതമാണ് മോട്ടോർ വാഹന വകുപ്പ് സൈറ്റിൽ അപ്പ് ലോഡ് ചെയ്‌തിരിക്കുന്നത്. കെ.എൽ- 02 എ.എഫ് 1047 എന്ന യഥാർത്ഥ നമ്പർ പ്ളേറ്റ് പോലും മാറ്റാതെയാണ് മോഷ്‌ടാവ് തലസ്ഥാന ജില്ലയിൽ ആറ് മാസമായി തലങ്ങും വിലങ്ങും വിഹരിക്കുന്നത്.

നിയമ ലംഘനത്തിന്റെ പ്രിന്റ് ഔട്ട് സഹിതം കഴിഞ്ഞ ദിവസം ഉടമയും സഹോദരിയും കൊട്ടിയം പൊലീസിനെ സമീപിച്ചെങ്കിലും പരിഹാസമായിരുന്നു മറുപടി.

ഏകോപനമില്ല

മോഷ്‌ടിക്കപ്പെട്ട വാഹനങ്ങളുടെ ഡാറ്റകൾ പരസ്‌പരം കൈമാറുന്നതിൽ പൊലീസും ഇത്തരം വാഹനങ്ങൾ കാമറയിൽ കുടുങ്ങിയാൽ ട്രാക്ക് ചെയ്‌ത് തിരികെ പൊലീസിനെ അറിയിക്കുന്നതിന് മോട്ടോർ വാഹന വകുപ്പും തമ്മിൽ ഏകോപനമില്ലാത്തതാണ് തിരിച്ചടി.