bbb
ചാറ്റൽ മഴയിൽ പോലും വെള്ളക്കെട്ടാകുന്ന പനന്തോടിൽ -പുത്തൻകോവിൽ ക്ഷേത്രം റോഡ്

ചവറ : പനന്തോടിൽ ജംഗ്‌ഷൻ - പുത്തൻകോവിൽ ക്ഷേത്രം റോഡിലെ ദുരിത യാത്ര രണ്ട് വർഷം പിന്നിടുന്നു. എൻ. എച്ച് 66 ആയി വികസിക്കുന്നതിന് മുമ്പുള്ള പഴയ ഹൈവേയിൽ ഓടകൾ പുതിയ നിർമ്മിതികൾക്കായി പൊളിച്ചപ്പോഴാണ് വെള്ളം ദേശീയ പാതയും സമാന്തര റോഡും കവിഞ്ഞ് ഇടവഴിയിലേക്ക് ഒഴുകി എങ്ങോട്ടേക്കും പോകാൻ മാർഗമില്ലാതെ കെട്ടികിടക്കുന്നത്. ഏകദേശം 300 മീറ്റർ ദൈർഘ്യമുള്ള റോഡ് കാൽനടക്കാരും നിരവധി വാഹനങ്ങളും കടന്ന് പോകുന്നതാണ് . പുത്തൻകോവിൽ ശ്രീധർമ്മ ശാസ്‌താ ക്ഷേത്രവും വേളാങ്കണ്ണി മാതാവിന്റെ പള്ളിയും സ്ഥിതി ചെയ്യുന്ന റോഡിൽ ആരാധനാലയങ്ങളിൽ എത്തുന്നവർ ഏറെ പ്രയാസപ്പെടുന്നു.

ചപ്പാത്തിന്റെ നിർമ്മാണം അശാസ്‌ത്രീയം

ക്ഷേത്രത്തിന് സമീപത്തെ ചപ്പാത്തിന്റെ നിർമ്മാണം പോലും അശാസ്‌ത്രീയമാണ്. ചപ്പാത്തിൽ വെള്ളം കെട്ടി നിറയുന്നതിനാൽ ടൂ വീലറുകൾ ഇറങ്ങി വാഹനങ്ങൾക്ക് നിരന്തരം കേടുപാടുകൾ സംഭവിക്കുന്നു. കാറുകളുടെ എൻജിനും ഓഫാകുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

റോഡിന്റെ മദ്ധ്യഭാഗത്തെ താഴ്‌ച്ച നേരെയാക്കി റോഡ് ഒരേ നിരപ്പിലാക്കാൻ കോൺക്രീറ്റിംഗ് നടത്താൻ പദ്ധതിയുണ്ടാകുമെന്ന് പഞ്ചായത്ത് അധികൃതർ രണ്ട് വർഷം മുമ്പ് ഉറപ്പ് നൽകിയതാണ്.നാളിത് വരെ നടപടിയില്ല.

ആർ. ചന്ദ്രഭാനു

പുത്തൻകോവിൽ ശ്രീധർമ്മ ശാസ്‌താ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്

കഴിഞ്ഞ സാമ്പത്തിക വർഷം തുക നീക്കി വച്ചെങ്കിലും പ്രവൃത്തി എടുക്കാൻ കരാറുകാരില്ലായിരുന്നു..ഈ വർഷം കരാറുകാരെ കണ്ടെത്തി പണി എടുപ്പിക്കും.

അഡ്വ. സുരേഷ് കുമാർ

ചവറ പഞ്ചായത്ത് പ്രസിഡന്റ്