
തഴവ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രം അഡ്മിനിസ്ട്രേറ്ററായി സുപ്രീം കോടതി നിയമിച്ച ജസ്റ്റീസ് കെ.രാമകൃഷ്ണൻ ഇന്നലെ ക്ഷേത്ര കാര്യാലയത്തിലെത്തി ചുമതലയേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സഞ്ജീവ്ഖന്ന, ജസ്റ്റീസ് ആർ.മഹാദേവൻ എന്നിവരടങ്ങിയ ബഞ്ചാണ് പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചത്. നിലവിലുള്ള ബൈലോ അനുസരിച്ച് നാല് മാസത്തിനകം തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായി അഡ്മിനിസ്ട്രേറ്റർ നിയമിച്ച മുൻ ജില്ലാ ജഡ്ജി മോഹൻ ചന്ദ്രൻ, അഭിഭാഷകനായ രമണൻ പിള്ള എന്നിവരും ക്ഷേത്ര ഭരണസമിതി ഓഫീസിലെത്തി ചുമതലയേറ്റു. ക്ഷേത്ര ഭരണ സമിതിയുടെ കാലാവധി 2022 മേയിൽ അവസാനിച്ചിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് നടക്കാതെ വന്നതോടെ ഹൈക്കോടതി ക്ഷേത്ര ഭരണത്തിന് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചെങ്കിലും സുപ്രീം കോടതി നടപടി സ്റ്റേ ചെയ്യുകയായിരുന്നു. ചുമതലയേറ്റ ജസ്റ്റീസ് കെ.രാമകൃഷ്ണൻ ക്ഷേത്ര ഭരണസമിതി തിരഞ്ഞെടുപ്പ് നടപടികൾ കുറ്റമറ്റ നിലയിൽ പൂർത്തിയാക്കുന്നതിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു.