 
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നെഞ്ചുരോഗ ആശുപത്രിയിൽ ഡോക്ടർമാരില്ല. രോഗികൾ വലയുന്നു. നിലവിൽ ഉണ്ടായിരുന്ന ഡോക്ടർമാരിൽ ഒരാൾ സ്ഥലം മാറി പോയതിനെ തുടർന്നാണ് പ്രതിസന്ധിയിലായത്. പകരം എത്തിയ ഡോക്ടർ ദീർഘകാല അവധിയിൽ പ്രവേശിച്ചതോടെ രോഗികൾ ബുദ്ധിമുട്ടിലായി.നിലവിലുള്ള ഡോക്ടർ സ്ഥലം മാറി എന്നറിഞ്ഞതോടെ ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണത്തിലും കുറവുണ്ടായി. രോഗികളുടെ ബുദ്ധിമുട്ട് താത്കാലികമായി പരിഹരിക്കുന്നതിന് ജില്ലാ മെഡിക്കൽ അധികൃതർ 5 ദിവസത്തേക്ക് എൻ.എച്ച്.എമ്മി ൽ നിന്ന് ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
തിരക്കേറിയ ആശുപത്രി
ജില്ലയിൽ ക്ഷയരോഗികളെ കിടത്തി ചികിത്സിക്കുന്ന ഏക ആശുപത്രിയാണ് പുതിയകാവ് നെഞ്ചുരോഗ ആശുപത്രി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയിൽ രണ്ട് ഡോക്ടർമാരുടെ സേവനമാണ് ആവശ്യമുള്ളത്. 400 ഓളം രോഗികളാണ് ദിവസവും ഇവിടെ ചികിത്സ തേടി എത്തുന്നത്. കരുനാഗപ്പള്ളി താലൂക്കിൽ നിന്നുള്ള രോഗികൾക്ക് പുറമെ പത്തനംതിട്ട, അടൂർ, ശാസ്താംകോട്ട, കൊട്ടാരക്കര, ഭരണിക്കാവ്, പതാരം, കായംകുളം, ചേപ്പാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പോലും രോഗികൾ ചികിത്സ തേടി എത്താറുണ്ട്. ഐ.പിയിൽ മാത്രമായി 40 ഓളം രോഗികൾ ചികിത്സയിൽ ഉണ്ട്. ഒ.പി യിൽ എത്തു രോഗികളേയും കിടത്തി ചികിത്സിക്കുന്ന രോഗികളെയും പരിശോധിക്കാൻ ഒരു ഡോക്ടറെകൊണ്ട് മാത്രം കഴിയില്ല. 2 ഡോക്ടർമാർ ഉൾപ്പെടെ 40 ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.
ചോർന്നൊലിക്കുന്ന കെട്ടിടം
പഴയ കെട്ടിടം പൊളിച്ച് നീക്കി പുതിയത് നിർമ്മിക്കണം. ആരോഗ്യ വകുപ്പ് ഇടപെടണം.
നാട്ടുകാർ