കൊല്ലം: രണ്ട് വർഷത്തിലേറെയായി കുണ്ടും കുഴിയുമായി നാട്ടുകാരുടെ നടുവൊടിച്ച ആലാട്ട്കാവ് ക്ഷേത്രം-പൂമുഖം റോഡിന് ഒടുവിൽ ശാപമോക്ഷം. കഴിഞ്ഞ 4നാണ് റോഡിന്റെ നവീകരണം ആരംഭിച്ചത്. ആലാട്ട്കാവ് ക്ഷേത്രം-പൂമുഖം റോഡിൽ പ്രഞ്ചീറ്റിൽ മുക്ക് മുതൽ ആലാട്ട്കാവ് ക്ഷേത്രത്തിന് പിൻവശം വരെ ഇന്റർലോക്കും ആലാട്ട്കാവ് ക്ഷേത്രത്തിന് പിൻവശം മുതൽ ചന്ദ്രത്തിൽ മുക്ക് വരെ ഭൂഗർഭ കേബിൾ സ്ഥാപിക്കാനായി കുഴിച്ച ഭാഗം റീടാറിംഗുമാണ് നടത്തുക. പ്ലാൻ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടികാട്ടി കഴിഞ്ഞ 18ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി.
ദേശീയപാതയിൽ ഗതാഗതം സ്തംഭിക്കുമ്പോൾ സമാന്തര ഗതാഗതത്തിന് ആശ്രയിക്കുന്ന റോഡാണ് ആലാട്ട്കാവ് ക്ഷേത്രം-പൂമുഖം റോഡ്. അഞ്ച് വർഷം മുമ്പ് സി.എം.എൽ.ആർ.ആർ.പി പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നവീകരണത്തിന് പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ കരാറുകാരൻ പണി ആരംഭിക്കാഞ്ഞതിനെ തുടർന്ന് കരാർ റദ്ദാക്കി. റീ ടെണ്ടറിനുള്ള ശ്രമങ്ങൾ നടക്കവേ രണ്ട് വർഷം മുമ്പ് ഭൂഗർഭ കേബിൾ സ്ഥാപിക്കാനായി റോഡിന് നടുവിലൂടെ കുഴിയെടുത്തു. കേബിൾ സ്ഥാപിച്ച് കെ.എസ്.ഇ.ബി പൊടിയും തട്ടി പോയി. മഴ പെയ്തതതോടെ വെട്ടിപ്പൊളിക്കാത്ത ഭാഗവും തകർന്നു. ഇതിനിടയിൽ വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിച്ചു. ഇതോടെ സി.എം.എൽ.ആർ.ആർ.പി ഫണ്ട് ഉപയോഗിച്ച് റോഡിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയായി. ഉള്ള പത്ത് ലക്ഷം രൂപയ്ക്ക് ഒന്നര കിലോ മീറ്ററോളമുള്ള റോഡിൽ പൂമുഖം ഭാഗത്ത് 300 മീറ്റർ നീളത്തിൽ ഇന്റർലോക്ക് മാത്രമാണ് പാകാനായത്.
ഒരാഴ്ചയ്ക്കുള്ളിൽ റോഡുപണി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.
എ.ആശ, കൗൺസിലർ ,
ആലാട്ട്കാവ് ഡിവിഷൻ