കൊല്ലം: കാട്ടുപന്നികൾ നാട്ടിലിറങ്ങി മരച്ചീനിയുടെ മൂട് മാന്തിത്തുടങ്ങിയതോടെ അടുക്കളയിൽ വെറുതെ തിളച്ചിരുന്ന കപ്പ വിലയിലും ആന്തൽ!. ഇരുപത് മുതൽ മുപ്പത് രൂപവരെ വിലയുണ്ടായിരുന്ന കപ്പയാണിപ്പോൾ അൻപത് രൂപയിലെത്തിയത്.

അതിനൊപ്പം മരച്ചീനി വരവ് ഇടിഞ്ഞതും വില വീണ്ടും ഉയർത്തിയേക്കും.

നേരത്തെ വിളവെടുപ്പ് സമയമാകുമ്പോൾ പന്നി, എലി ശല്യം മൂലം കർഷകന് മുടക്ക് മുതൽ പോലും ലഭിച്ചിരുന്നില്ല. ഇതോടെ വാങ്ങാൻ ആളില്ലാതെ കൃഷിയിടങ്ങളിൽ തന്നെ മരച്ചീനി വിളഞ്ഞ് നശിക്കുന്ന സ്ഥിതിയും ഉണ്ടായിരുന്നു. എന്നാലിപ്പോൾ വിളവെടുക്കും മുമ്പേ പന്നികൾ കൂട്ടമായെത്തി കിഴങ്ങുകൾ ഭക്ഷിച്ച് മടങ്ങുകയാണ്. അതിനാൽ കപ്പയുടെ മൂടെണ്ണം നോക്കി വിലപറഞ്ഞ് മരച്ചീനിയെടുക്കാൻ മൊത്തവിൽപ്പനക്കാരും മടിക്കുകയാണ്. വിലയുറപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ പന്നിയിറങ്ങി കപ്പയിളക്കി തിന്നുമ്പോൾ വലിയ നഷ്ടമുണ്ടാകുന്നുവെന്നാണ് ഇവരുടെ പരാതി.

കൊട്ടാരക്കര, പത്തനാപുരം താലൂക്കുകളിലാണ് ജില്ലയിൽ കൂടുതലായി മരച്ചീനി കൃഷിയുള്ളത്. ഇവിടങ്ങളിലെല്ലാം പന്നിശല്യം അതിരൂക്ഷമാണെന്ന് കർഷകർ പറയുന്നു. ആറുമാസം കൊണ്ട് വിളവെടുക്കാവുന്ന അത്യുൽപ്പാദനശേഷിയുള്ള മരച്ചീനിയാണ് ഇവിടങ്ങളിലെല്ലാം കൃഷി ചെയ്യുന്നത്. നേരത്തെ നെടുമങ്ങാടൻ, അരിമണിയൻ, പടിഞ്ഞാറ്റിൻകര വെള്ള, അരിയൻ തുടങ്ങിയ ഇനങ്ങളിലെ മരച്ചീനികളാണ് ഉണ്ടായിരുന്നത്. ഇത് ഒരുവർഷം കൊണ്ടാണ് വിളവെടുത്തിരുന്നത്. കാട്ടുപന്നികൾ കൃഷി നശിപ്പിച്ച് തുടങ്ങിയതോടെ കർഷകരും വ്യാുകമായി ഈ രംഗം വിടുകയാണ്.

നല്ലകാലം വന്നില്ല

 വ്യവസായ വകുപ്പിന്റെ 'ഒരു ജില്ല ഒരു ഉത്പന്നം' പദ്ധതിയിൽ കൊല്ലത്ത് നിന്ന് ഇടംപിടിച്ചത് മരച്ചീനി

 മൂല്യവ‌ർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ സർക്കാർ ശ്രമം

 വ്യവസായ വകുപ്പിന്റെ കെബിപ്പ് (കേരള ബൂറോ ഓഫ് ഇന്ത്യൻ പ്രൊമോഷൻ) നോഡൽ ഏജൻസിയായി വൻകിട പദ്ധതികൾ വിഭാവനം ചെയ്തെങ്കിലും നല്ലകാലം വന്നില്ല

 മരച്ചീനിയിൽ നിന്ന് സ്പിരിറ്റ് നിർമ്മിക്കുന്ന പദ്ധതിയുടെ ഫയലും മടക്കി

സ്വാശ്രയ വിപണി വില

കർഷകന് ₹ 28

മൊത്ത വ്യാപാരികൾക്ക് ₹ 50

ജില്ലയിൽ മരച്ചീനി കൃഷി - 400 ഹെക്ടറിൽ

ഉത്പാദനം - 6000 ടൺ

മാർഗനിദ്ദേശങ്ങൾ

ചെ​യ്യാവുന്നത്
 അ​നു​മ​തി​യോ​ടെ വെ​ടി​വ​യ്​ക്കാം
 കു​രു​ക്കി​ടാം
 കൂ​ട് വ​യ്​ക്കാം
 കു​ഴി വെ​ട്ടാം


ചെ​യ്യ​രു​ത്
 വി​ഷം
 സ്‌​ഫോ​ട​ക വ​സ്​തു
 വൈ​ദ്യു​തി ഷോ​ക്ക്
 മ​റ്റ് മാർ​ഗ​ങ്ങൾ

മരച്ചീനി മാത്രമല്ല, കിഴങ്ങ് വർഗങ്ങളും വാഴയുമടക്കം എല്ലാം പന്നികൾ നശിപ്പിക്കുന്നു. അധികൃതർ ഗൗരവത്തിലെടുക്കുന്നില്ല.

ജി.മുരുകദാസൻ നായർ,

കർഷകൻ, തേവലപ്പുറം