കൊല്ലം: വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെയും പച്ചക്കറികളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും വില വർദ്ധിച്ചതോടെ പ്രതിസന്ധിയിലായി ഹോട്ടലുകൾ. വാണിജ്യ സിലിണ്ടറിന്റെ ഇപ്പോഴത്തെ വില 1850 രൂപയാണ്. തുടർച്ചയായി അഞ്ചാം തവണയാണ് വില വർദ്ധിപ്പിക്കുന്നത്. 300 രൂപയ്ക്കടുത്താണ് ഒരു സിലിണ്ടറിന് മേൽ നൽകേണ്ടിവരുന്നതെന്ന് ഹോട്ടലുടമകൾ പറയുന്നു.
ദിവസവും രണ്ട് മുതൽ അഞ്ചുവരെ സിലിണ്ടറുകളാണ് ഹോട്ടലുകളിൽ ആവശ്യമായി വരുന്നത്. കഴിഞ്ഞമാസം 72 രൂപയാണ് വർദ്ധിച്ചത്. കൂടാതെ സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവയുടെ വില സെഞ്ച്വറിയും കടന്ന് കുതിക്കുകയാണ്. ഇതിന് പുറമേ ചിക്കനും ബീഫിനും വില വർദ്ധിക്കുന്നു. ഇതോടെ വില വർദ്ധിപ്പിക്കാതെ പിടിച്ചുനിൽക്കാനാകാത്ത അവസ്ഥയാണെന്ന് ഹോട്ടൽ വ്യാപാരികൾ പറയുന്നു.
വൻകിട ഹോട്ടലുകൾ വില വർദ്ധിപ്പിച്ചാൽ വ്യാപാരത്തെ കാര്യമായി ബാധിക്കില്ലെങ്കിലും ചെറുകിട ഹോട്ടലുകളെ ബാധിക്കും. ലോണടുത്തും ബാങ്കിൽ നിന്ന് ഓവർഡ്രാഫ്ട് എടുത്തുമാണ് പലരും ഹോട്ടൽ വ്യവാസായം മുന്നോട്ട് കൊണ്ടുപോകുന്നത്.
തൊഴിലാളി ക്ഷാമം രൂക്ഷം 
 പാചകത്തിനും മറ്റും മലയാളികളെ ലഭിക്കുന്നില്ല
 മേഖലയിൽ പണിയെടുക്കുന്നത് അന്യസംസ്ഥാനക്കാർ
 വില വർദ്ധനവിൽ സർക്കാർ ഇടപെടൽ വേണം
 തട്ടുകടകൾക്ക് പ്രത്യേകസ്ഥലം നിശ്ചയിച്ച് നൽകണം
 വിലക്കയറ്റം ഹോട്ടലുകളെ പ്രതിസന്ധിയിലാക്കി
വിലക്കയറ്റത്തിൽ കച്ചവടം കുറഞ്ഞു. ക്രിസ്മസ് ആകുമ്പോഴേക്ക് കച്ചവടം വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. സർക്കാർ ഇടപെട്ടില്ലെങ്കിൽ ഹോട്ടൽ മേഖല തകരും.
ഇ.ഷാജഹാൻ, ജില്ലാ സെക്രട്ടറി
ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോ.