bbb
bb

അഞ്ചൽ: സിഗ്നൽ ലൈറ്റ് ഇല്ലാത്തതിനാൽ അഞ്ചൽ ടൗണിൽ അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഓട്ടോറിക്ഷയും രോഗിയുമായി പോയ ആംബുലൻസും അപകടത്തിൽ പെട്ടിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഇവിടെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിരുന്നുവെങ്കിലും കുറച്ച് കാലം മാത്രമേ പ്രവർത്തിച്ചുള്ളു. പിന്നീട് തകരാറിലാവുകയായിരുന്നു. സിഗ്നൽ ലൈറ്റ് ഇല്ലാത്തതിനാൽ ടൗണിലൂടെ വാഹനങ്ങൾ ചീറിപ്പായുകയാണ്. ആളുകൾക്ക് റോഡ് മുറിച്ച് കടക്കുക എന്നതും ദുഷ്ക്കരമാണ്. സീബ്രാലൈനുകൾ ഉണ്ടെങ്കിലും വാഹനങ്ങൾ അമിത വേഗതയിലാണ് പോകുന്നത്. റോഡ് മുറിച്ച് കടക്കുന്ന ആളുകൾക്കും ഇവിടെ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണത്തിനായി ടൗണിൽ ഹോം ഗാർഡുകൾ ഉണ്ടെങ്കിലും ഇവർക്കും കാര്യമായി പ്രവർത്തിക്കുവാൻ പ്രയാസമാണ്. മാത്രമല്ല മഴയത്തോ കടുത്ത വെയിലിലോ ഹോം ഗാർഡുകൾക്ക് സുരക്ഷിതമായി നിൽക്കുന്നതിനുള്ള സൗകര്യവുമില്ല. ബൈക്കുകളിൽ ചീറിപായുന്ന ഫ്രീക്കൻമാരുടെ എണ്ണവും ഇവിടെ കുറവല്ല. ടൗണിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ ഗ്രാമപഞ്ചായത്ത് പുറംതിരിഞ്ഞ സമീപനമാണ് സ്വീകരിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.

നിലവാരം ഇല്ലാത്ത സിഗ്നൽ ലൈറ്റ്

നിലവാരം ഇല്ലാത്ത സിഗ്നൽ ലൈറ്റാണ് സ്ഥാപിച്ചതെന്ന് അന്നേ വ്യാപക പരാതിയും ഉയർന്നിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിക്കാണ് സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ കരാർ നൽകിയത്. കെൽട്രോൺ പോലെയുള്ള സർക്കാർ സ്ഥാനപങ്ങളെ ഒഴിവാക്കി സ്വകാര്യ കമ്പനിയ്ക്ക് കരാർ നൽകിയതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവും പ്രകടിപ്പിച്ചിരുന്നു. എന്നാൽ പ‌ഞ്ചായത്ത് ഭരണസമിതി സ്വകാര്യ കമ്പനിയ്ക്ക് തന്നെ കരാർ നൽകുകയായിരുന്നു.

സിഗ്നൽ ലൈറ്റുകൾ പുന:സ്ഥാപിക്കണം

അഞ്ചൽ ആർ.ഒ. ജംഗ്ഷനിൽ സിഗ്നൽ ലൈറ്റുകൾ പുനസ്ഥാപിക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകണം. സിഗ്നൽ ലൈറ്റുകൾ ഇല്ലാത്തതിനാൽ ഇവിടെ അപകടങ്ങൾ നിത്യസംഭവമാണ്. പ്രായമായവർക്കും കുട്ടികൾക്കും റോഡ് മുറിച്ചുകടക്കുന്നതിന് വളരെനേരം കാത്ത് നിൽക്കേണ്ട സ്ഥിതിയാണ്. സിഗ്നൽ ലൈറ്റുകൾ പുന:സ്ഥാപിക്കുന്ന കാര്യത്തിൽ പഞ്ചായത്ത് നിസംഗത വെടിയണം.

എസ്. ഉമേഷ് ബാബു (ബി.ജെ.പി അഞ്ചൽ മണ്ഡലം പ്രസിഡന്റ്)