xxxx
അരിപ്പ സമരഭൂമിയിൽ കളക്ടർ എൻ.ദേവിദാസ് സന്ദ‌ർശിക്കുന്നു

കുളത്തൂപ്പുഴ: അരിപ്പ സമരഭൂമിയിൽ കളക്ടർ എൻ.ദേവിദാസ് സന്ദ‌ർശിച്ചു. ഇക്കഴിഞ്ഞ നവംബർ 14 ന് പി.എസ്.സുപാൽ എം.എൽ.എയുടെ നേതൃത്വത്തിൽ റവന്യു മന്ത്രി രാജനുമായി നടത്തിയ ചർച്ചയിൽ അരിപ്പ ഭൂസമരം ഒത്തുതീർപ്പ് ആയിരുന്നു. ഇതിന്റെ ഭാഗമായാണ് ജില്ലാ കളക്ടർ, ഡെപ്യൂട്ടി കളക്ടർ ബീനറാണി ,തഹസീൽദാർ അജിത് റോയ്, വില്ലേജ് ഓഫീസർ അഭിലാഷ്, കുളത്തുപ്പുഴ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനീഷ്, സബ് ഇൻസ്‌പെക്ടർ ഷാജഹാൻ മുഹമ്മദ്‌ എന്നിവർ ഉൾപ്പെടെയുള്ളവർ അരിപ്പ സമരഭൂമിയിൽ എത്തിയത്. തുടർന്ന് സമരഭൂമിയിലെ സമരക്കാർ നേരിടുന്ന പ്രധാന പ്രശ്നങ്ങളായ കുടിവെള്ളം, വൈദ്യുതി തുടങ്ങി വിഷയങ്ങൾ സമരഭൂമിയിലെ എ.ഡി.എം.എസ് സംസ്ഥാന പ്രസിഡന്റ്‌ ശ്രീരാമൻ കൊയ്യോനും കളക്ടറും തമ്മിൽ ആശയവിനിമയം നടത്തി.ഭൂമി സംബന്ധമായ കാര്യത്തിൽ അന്തിമ തീരുമാനം വരുന്നതനുസരിച്ച് തുടർന്നുള്ള എല്ലാ കാര്യങ്ങളും പരിഹരിക്കാം എന്ന മറുപടിയാണ് കളക്ടർ പറഞ്ഞത്. തുടർന്ന് സമരക്കാരുടെ താത്കാലിക ഷെഡുകൾ ഉൾപ്പെടെ കണ്ടിട്ടിട്ടാണ് അദ്ദേഹം മടങ്ങിയത്.ഒത്തുതീർപ്പ് ചർച്ചയുടെ ഭാഗമായി റവന്യൂ ഉദ്യോഗസ്ഥർ സമര ഭൂമി സന്ദർശിച്ച് താമസക്കാരുടെ വിവര ശേഖരണം പൂർത്തിയാക്കിയിരുന്നു. പ്രാഥമിക ഗുണഭോക്തൃ ലിസ്റ്റിൽ സമരക്കാർ നേരത്തെ താമസിച്ച വില്ലേജിൽ ഭൂമിയുടെ വിവരം , ജാതി എന്നിവ അന്വേഷിച്ച് അന്തിമ ലിസ്റ്റ് തയ്യാറാക്കിയതിന് ശേഷം വീണ്ടും മന്ത്രിതല യോഗം ചേർന്ന് വിതരണം ചെയ്യുന്ന ഭൂമിയുടെ അളവ് നിശ്ചയിക്കും അരിപ്പ റവന്യൂ ഭൂമിയിൽ സമര കാർക്ക് പുറമെ മറ്റ് കൈയേറ്റവും വ്യാപകമാണ്. ഭൂമി അളന്ന് അന്യാധീനപ്പെട്ട ഭൂമി കണ്ടെത്തുന്നതിന് അടിയന്തര നടപടിയുണ്ടാകും.