പത്തനാപുരം: കേരളത്തിൽ ഭിന്നശേഷിക്കാർക്കായി സർവകലാശാല ആരംഭിക്കുമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഡോ. പി.ടി. ബാബുരാജ്. ഗാന്ധിഭവൻ ഇന്റർനാഷണൽ മോഡൽ റസിഡൻഷ്യൽ സ്‌പെഷ്യൽ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന ഭിന്നശേഷി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെറിബ്രൽ പാൾസി ശരീരത്തെ ബാധിച്ചിട്ടും അവയെ ചെറുത്ത് തോൽപ്പിക്കുകയും സ്വന്തമായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത കളം@2024 എന്ന സിനിമയുടെ സംവിധായകൻ രാകേഷ് കൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായി. പത്തനാപുരം ഗാന്ധിഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗാന്ധിഭവൻ ചെയർപേഴ്‌സൺ ഡോ. ഷാഹിദാകമാൽ അദ്ധ്യക്ഷയായി. പരിപാടിയുടെ ഭാഗമായി പത്തനാപുരം ഗാന്ധിഭവൻ ആലപ്പുഴയിൽ ദിവ്യാംഗ് സെൽ ആരംഭിക്കുവാനും അതിന്റെ കൺവീനറായി കേരളത്തിലെ ആദ്യത്തെ വീൽചെയർ സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറി അജിത് കൃപാലയത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.
അക്കോക്ക് കായംകുളം മണ്ഡലം പ്രസിഡന്റ് നാസർ പുല്ലുകുളങ്ങര, ഭിന്നശേഷി മേഖലയിലെ അതുല്യ പ്രതിഭ സെബാസ്റ്റ്യൻ ചേർത്തല, വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ, മുൻ ജോയിന്റ് ആർ.ടി. ഒയും മാനേജിംഗ് ഡയറക്ടറുമായ ബി. ശശികുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബി. മോഹനൻ, ജനറൽ ഡയറക്ടർ സന്തോഷ് ജി.നാഥ്, ഫിനാൻസ് മാനേജർ ജയൻ തുടങ്ങിയവർ പങ്കെടുത്തു.