ശാസ്താംകോട്ട: താലൂക്ക് ആശുപത്രിയിൽ എക്സ് റേ യൂണിറ്റ് പ്രവർത്തനം തുടങ്ങാനുള്ള നടപടികളാവാത്തതിൽ പ്രതിഷേധം ശക്തം. ആശുപത്രി വികസനത്തിന്റെ പേരിൽ ഒന്നര വർഷത്തിലധികമായി പ്രവർത്തനം നിറുത്തിയ എക്സ് റേ യൂണിറ്റ് ആഴ്ച്ചകൾക്ക് മുമ്പാണ് വീണ്ടും ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ മെഷീൻ തകരാറിലായതിനാൽ എക്സ് റേ യൂണിറ്റ് പ്രവർത്തനം നിറുത്തുകയും ചെയ്തു. ഒന്നര വർഷമായി പ്രവർത്തിപ്പിക്കാതിരുന്നതാവാം മെഷീന്റെ തകരാറിന് കാരണമെന്നാണ് അധികൃതർ പറയുന്നത് .
സ്വകാര്യ സ്ഥാപനങ്ങൾ ആശ്രയം
ആശുപത്രി വികസനത്തിനായി എക്സ് റേ യൂണിറ്റ് നിന്ന കെട്ടിടം പൊളിച്ചു നീക്കിയിരുന്നു .പകരം സംവിധാനം ഒരുക്കാത്തതിനാൽ ചികിത്സയ്ക്ക് എത്തുന്നവർ വലിയ തുക നൽകി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വന്നു. ആയിരത്തോളം രോഗികൾ ഒ.പിയിലും അത്യാഹിത വിഭാഗത്തിലുമായി ചികിത്സയ്ക്കെത്തുന്ന താലൂക്ക് ആശുപത്രിയിൽ എക്സ് റേ യൂണിറ്റ് പ്രവർത്തിക്കാത്തതിനെ കുറിച്ച് കേരള കൗമുദി നിരന്തരം വാർത്തകൾ നൽകിയിരുന്നു. തുടർന്ന് ശാസ്താംകോട്ട പഞ്ചായത്തിൽ നിന്ന് ഏറ്റെടുത്ത കെട്ടിടത്തിൽ സൗകര്യങ്ങൾ ഒരുക്കി പ്രവർത്തനം തുടങ്ങിയ എക്സ് റേ യൂണിറ്റാണ് വീണ്ടും തകരാറിലായത്.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയുടെ വികസനത്തിന് അനുവദിക്കപ്പെട്ട പല കേന്ദ്രഫണ്ടുകളും പാഴാവുകയാണ്. ഇടതു വലതു മുന്നണികൾ കുന്നത്തൂരിലെ ജനങ്ങളെ വഞ്ചിക്കുകയാണ്. അടിയന്തരമായി എക്സ് റേ യൂണിറ്റ് പുനസ്ഥാപിക്കാനുള്ള ഇടപെടൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണം.
ജിതിൻ ദേവ്
ദക്ഷിണ മേഖലാ സെക്രട്ടറി
ബി.ജെ.പി